നേപ്പാളി യുവാവിനെ പ്രലോഭിപ്പിച്ച് ഐഎസ്ഐ നേടിയത് ഇന്ത്യൻ സിം കാർഡുകൾ; യുവാവ് പിടിയിൽ

പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ഇന്ത്യൻ സിം കാർഡുകൾ നൽകിയ നേപ്പാളി യുവാവ് അറസ്റ്റിൽ. വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ഇയാളെ ഐഎസ്ഐ കയ്യിലെടുത്ത്. യുഎസ് വിസയും മാധ്യമ പ്രവർത്തന ജോലിയുമായിരുന്നു വാഗ്ദാനം ചെയ്തത്. ഡൽഹി പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
നേപ്പാളിലെ ബിർഗഞ്ച് സ്വദേശിയായ 43 വയസുള്ള പ്രഭാത് കുമാർ ചൗരസ്യയാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ ഡൽഹിയിലെ ലക്ഷ്മി നഗർ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തത്. വിസയ്ക്കും ജോലി അവസരത്തിനും പകരമായി, ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടു. കൂടാതെ ഡിആർഡിഒ, ആർമി യൂണിറ്റുകൾ പോലുള്ള സെൻസിറ്റീവ് പ്രതിരോധ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും യുവാവിനോട് അവർ ആവശ്യപ്പെട്ടു. ഇതെല്ലാം പ്രതി സമ്മതിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ വ്യതമാക്കിയത്.
ആധാർ രേഖകൾ ഉപയോഗിച്ച് സ്വകാര്യ ടെലികോം കമ്പനികളുടെ 16 സിം കാർഡുകളാണ് ചൗരസ്യ വാങ്ങിയത്. തുടർന്ന് സിമ്മുകൾ നേപ്പാളിലേക്ക് അയച്ചു, അവിടെ നിന്നാണ് ഐഎസ്ഐയ്ക്ക് കൈമാറിയത്. ഇതിൽ 11 സിമ്മുകൾ ലാഹോർ, ബഹവൽപൂർ കൂടാതെ പാകിസ്ഥാനിലെ മറ്റ് സ്ഥലങ്ങൾ വാട്ട്‌സ്ആപ്പ് വഴി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ സിം കാർഡുകൾ വഴിയാണ് ഇവർ ഇന്ത്യയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നത്.
നേപ്പാൾ പൗരനായ ചൗരസ്യ നേപ്പാളിലും ബീഹാറിലുമായാണ് പഠനം നടത്തിയത്. മഹാരാഷ്ട്രയിലും ഡൽഹിയിലും സെയിൽസ് മാനേജരായി ജോലി ചെയ്തു. പിന്നീട് കാഠ്മണ്ഡുവിൽ ലോജിസ്റ്റിക് കമ്പനി ആരംഭിച്ചു, എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം അത് പൂട്ടുകയായിരുന്നു. പിന്നീടാണ് ഒരു നേപ്പാളി ഇടനിലക്കാരൻ വഴി ഇയാൾ ഐഎസ്‌ഐ പ്രവർത്തകരുമായി ബന്ധപ്പെടുന്നത്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here