പുതിയ വിമാന കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാവുമോ? ഇന്ത്യാക്കാര്‍ക്ക് വാടകയ്ക്കു പോലും പ്ലെയിനുകള്‍ കിട്ടാത്ത അവസ്ഥ

രാജ്യത്ത് നൂറ് കണക്കിന് വിമാന സര്‍വീസുകള്‍ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ ദിവസങ്ങളോളം കുടുങ്ങി കിടക്കേണ്ടി വന്ന അവസ്ഥ ഉണ്ടായത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഇന്ത്യയിലെ ആഭ്യന്തര വിമാനസര്‍വീസുകളില്‍ 60 ശതമാനം കൈയാളുന്ന ഇന്‍ഡിഗോ കമ്പിനിയുടെ കുത്തക നിമിത്തമാണ് ഇത്തരമൊരു ഗതികേട് യാത്രക്കാര്‍ക്ക് ഉണ്ടായതെന്ന വാദം ശക്തമാണ്. ഈ ഘട്ടത്തിലാണ് പുതിയ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ കേന്ദ്ര വ്യോമയാന വകുപ്പ് തീരുമാനിച്ചത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള അല്‍ഹിന്ദ് എയര്‍ലൈന്‍സുള്‍പ്പടെ മൂന്ന് കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചു.

കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവസരം നല്‍കാനും വ്യോമയാന മേഖലയില്‍ കുത്തക ഒഴിവാക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അല്‍ഹിന്ദ് എയര്‍, ഫ്‌ലൈ എക്സ്പ്രസ്, ഷാങ്ക് എയര്‍ എന്നീ മൂന്ന് കമ്പനികള്‍ക്കാണ് പുതിയതായി സര്‍ക്കാര്‍ എന്‍ഒസി നല്‍കിയത്. ഇന്ത്യന്‍ യാത്രാ വിമാന മേഖല അനിശ്ചിതത്വം നിറഞ്ഞതും അതിലുപരി ദുര്‍ഘടം പിടിച്ച വ്യവസായ മേഖലയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ വിമാന കമ്പനികള്‍ക്ക് ആവശ്യത്തിന് വിമാനങ്ങള്‍ ലീസിനു പോലും കിട്ടാത്ത അവസ്ഥയുണ്ട്. ഇതിന് പ്രധാന കാരണം ഈ അടുത്ത കാലത്ത് പൂട്ടിപ്പോയ ഗോ എയര്‍ കോടികളാണ് വാടക ഇനത്തില്‍ ലീസിങ് കമ്പനികള്‍ക്ക് നല്‍കാനുണ്ടത്. അതുകൊണ്ട് തന്നെ പുതുതായി തുടങ്ങാനിരിക്കുന്ന എയര്‍ലൈനുകള്‍ക്ക് വിമാനങ്ങള്‍ കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. രാജ്യത്ത് സര്‍വീസു നടത്തിയിരുന്ന ഒട്ടേറെ വിമാന കമ്പനികള്‍ നഷ്ടത്തിലാവുകയും മിക്കതും പൂട്ടിപ്പോവുകയും ചെയ്തതു. ഇതുമൂലം പുതിയ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് വാടകയ്ക്ക് വിമാനങ്ങള്‍ നല്‍കാന്‍ പോലും പലരും മടിക്കുകയാണ്.

രാജ്യത്തെ ആദ്യത്തെ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സു മുതല്‍ ഗോഎയര്‍ ഉള്‍പ്പടെ ഇരുപതില്‍ അധികം വിമാനക്കമ്പികളാണ് കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ പൂട്ടിപ്പോയത്. രാജ്യത്ത് ഉദാരവല്‍ക്കരണം നടപ്പാക്കിയതിന്റെ ഭാഗമായാണ് 1994ല്‍ ഇന്ത്യന്‍ വ്യോമയാന മേഖല സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുത്തത്. അങ്ങനെ ആദ്യ സ്വകാര്യ എയര്‍ലൈന്‍സിന് തുടക്കം കുറിച്ചത് മലയാളിയായ തഖിയുദ്ദിന്‍ വാഹിദ് ആയിരുന്നു. വാഹിദിന്റെ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് വലിയ തരംഗമായി. പക്ഷേ, ബോംബെ അധോലോകത്തിന്റെ പകയ്ക്ക് ഇരയായി തഖിയുദ്ദിന്‍ കൊല്ലപ്പെട്ടതോടെ ഈസ്റ്റ് വെസ്റ്റ് വിമാന കമ്പനി അടച്ചുപൂട്ടി. ഇതിന് പിന്നാലെ 30ലധികം കമ്പനികളാണ് ഈ മേഖലയില്‍ നിന്ന് തകര്‍ന്ന് വീണത്.

ഉയര്‍ന്ന ഇന്ധന നിരക്കും വ്യതസ്തമായ ലൈസന്‍സും നിബന്ധനകളും നിമിത്തം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കാണ് സ്വകാര്യ മേഖല വീണു കൊണ്ടിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 925 കോടിയുടെ നഷ്ടമാണെങ്കില്‍ 2025ല്‍ 5289 കോടിയായി വര്‍ദ്ധിച്ചു.നിലവില്‍ അഞ്ച് പ്രധാന സ്വകാര്യ കമ്പനികളാണ് വ്യോമയാന മേഖലയില്‍ പിടിച്ചു നില്‍ക്കുന്നത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ആകാശ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് ഒരു വിധം പിടിച്ചു നില്‍ക്കുന്നത്. പുതിയതായി വരുന്ന കമ്പനികള്‍ക്കൊന്നും ഈ മേഖലയില്‍ ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top