മതവിദ്വേഷ പ്രസംഗങ്ങൾ തടയാൻ പുതിയ നിയമം വരുന്നു; കർശന നടപടിയെന്ന് രേവന്ത് റെഡ്ഡി

മതത്തെയോ വിശ്വാസത്തെയോ അവഹേളിക്കുന്നവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മതവിദ്വേഷം തടയുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും നിയമസഭയുടെ വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇതിനായുള്ള ബില്ല് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിൽ സർക്കാർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതവിഭാഗങ്ങൾക്കും തുല്യ ബഹുമാനവും അവകാശങ്ങളും ഉറപ്പാക്കും. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എല്ലാ സർക്കാർ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾ നേരിടുന്ന ശ്മശാന സ്ഥല പരിമിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയെ പുകഴ്ത്തിയും അദ്ദേഹം രംഗത്തെത്തി. ‘തെലങ്കാനയെ സംബന്ധിച്ചിടത്തോളം ഡിസംബർ മാസം അദ്ഭുത മാസമാണ്. സോണിയ ഗാന്ധിയുടെ ജന്മദിനവും തെലങ്കാനയ്ക്ക് സംസ്ഥാന പദവി ലഭിച്ചതും ഡിസംബറിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് നമ്മൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കിൽ അതിന് കാരണം സോണിയ ഗാന്ധിയുടെ സംഭാവനയാണ്,’ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്.
മുഖ്യമന്ത്രിയുടെ ഈ പരാമർശത്തിനെതിരെ ബിജെപിയും ബിആർഎസ്സും ശക്തമായി രംഗത്തെത്തി. രേവന്ത് റെഡ്ഡി സോണിയ ഗാന്ധിയെ അമിതമായി പുകഴ്ത്തുകയാണെന്നും രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിക്കാൻ ക്രിസ്മസിനെപ്പോലും ഉപയോഗിക്കുകയാണെന്നും ബിജെപി വിമർശിച്ചു. സൂര്യൻ ഉദിക്കുന്നത് പോലും ഗാന്ധി കുടുംബം കാരണമാണെന്ന് വൈകാതെ ഇവർ പറയുമെന്നും ബിജെപി പരിഹസിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here