കൊടി സുനിയെ വെറുതെവിട്ട് കോടതി; ന്യൂ മാഹി ഇരട്ടക്കൊലക്കേസിൽ എല്ലാ പ്രതികളും മോചിതർ

ആർഎസ്എസ് പ്രവർത്തകരെ ന്യൂ മാഹിയിൽ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞതിനു ശേഷം വെട്ടി കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി റൂബി കെ ജോസ് ആണ് വിധി പറഞ്ഞത്. ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ്എന്നിവരുൾപ്പടെ 16 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. രണ്ട് പ്രതികൾ വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു. 2019 ൽ ടി പി കേസിൽ കൊടി സുനി ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് സംഭവം നടക്കുന്നത്.
കേസിൻ്റെ വിചാരണയ്ക്ക് ജയിലിൽ നിന്നെത്തിയ കൊടി സുനി ഹോട്ടലിലെ പാർക്കിംഗ് സ്ഥലത്ത് മദ്യപിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത് വിവാദമായിരുന്നു.സംഭവത്തിൽ രണ്ട പോലീസുകാർക്ക് സസ്‌പെൻഷനും നേരിട്ടിരുന്നു. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സുനിയെ തവനൂർ സെൻട്രൽ ജയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ആർ എസ് എസ്സിന്റെ സജീവ പ്രവർത്തകരായ ന്യൂ മാഹി ഈസ്റ്റ് പള്ളൂർ പൂശാരികോവിലിനു സമീപം വിജിത്ത് കുറുന്തോടത്ത് ഹൗസിൽ ഷിനോജ് എന്നിവരാണ് കൊലചെയ്യപെട്ടത്. 2019 മെയ് 28ന് രാവിലെ 11ന് ന്യൂ മാഹി പെരിങ്ങാടി റോഡിൽ കല്ലായിൽ വച്ചാണ് കൊലപാതകം നടന്നത്.ഇവർ മറ്റൊരു കേസിൽ മാഹി കോടതിയിൽ ഹാജരായി തിരിച്ചു വരുമ്പോൾ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടി കൊലപ്പെടുത്തി എന്നാണ് കേസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here