പ്രതീക്ഷകൾ വാനോളമുയർത്തി പോപ്പ് ലിയോ പതിനാലാമൻ സ്ഥാനമേറ്റു; വെല്ലുവിളിയാകുന്നത് പോപ്പ് ഫ്രാൻസിസിൻ്റെ ലെഗസി തന്നെ

വിശുദ്ധ പത്രോസിൻ്റെ പിൻഗാമിയെന്ന് തത്വത്തിൽ പറയുമെങ്കിലും യഥാർത്ഥത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായാണ് പോപ്പ് ലിയോ പതിനാലാമൻ എന്ന് പേര് സ്വീകരിച്ച കർദിനാൾ റോബെർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് സ്ഥാനമേറ്റത്. പോപ്പ് ഫ്രാൻസിസ് തുടങ്ങിവച്ച പുരോഗമന നിലപാടുകൾ തുടർന്നു കൊണ്ടുപോകുകയും അങ്ങനെ ആഗോള കത്തോലിക്കാ സഭയെ പുതിയ കാലത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ പോപ്പ് ഏറ്റെടുക്കുന്നത്.

വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് പ്രദക്ഷിണം ആരംഭിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ ചടങ്ങുകള്‍ മൂന്നരയോടെ പൂര്‍ത്തിയായി. കുര്‍ബാന അടക്കം കർമ്മങ്ങൾക്ക് മാർപാപ്പ നേതൃത്വം നൽകി. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. 267ാമത് മാര്‍പാപ്പയായാണ് ലിയോ പതിനാലാമൻ ചുമതലയേറ്റത്.

ചടങ്ങുകള്‍ക്ക് മുമ്പ് തുറന്ന വാഹനത്തിലെത്തി മാർപാപ്പ വിശ്വാസികളെ ആശിര്‍വദിച്ചു. കുർബാനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തു. സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോകനേതാക്കൾ വത്തിക്കാനിൽ എത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍റെ നേതൃത്വത്തിലാണ് സംഘമെത്തിയത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here