മാര്‍പാപ്പമാര്‍ എന്തുകൊണ്ട് പത്രോസിന്റെ പേര് സ്വീകരിക്കുന്നില്ല; പുതിയ പാപ്പയും പാരമ്പര്യ വഴിയെ

ഒരു പേരിലെന്തിരിക്കുന്നു എന്ന് സാധാരണ പറയാറുണ്ടെങ്കിലും കത്തോലിക്കാ സഭയുടെ മഹാഇടയനായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ഏത് പേര് സ്വീകരിക്കും എന്നത് സഭാ വൃത്തങ്ങളിൽ അതീവ ആകാംക്ഷ നിറഞ്ഞ കാര്യമാണ്. പേരിന്റെ കാര്യത്തില്‍ പാരമ്പര്യ രീതികള്‍ തുടരുമോ, അതോ ഇരട്ടപ്പേര് സ്വീകരിക്കുമോ അതോ പുതിയ വിശുദ്ധന്റെ പേരാവുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കും കവടി നിരത്തലിനും വിരാമമായത് ഇന്നലെ രാത്രിയോടെയാണ്. ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്ത് (Cardinal Robert Francis Prevost) ലിയോ പതിനാലാമന്‍ (Pope Leo XIV) എന്ന പേരാണ് സ്വീകരിച്ചത് .
സാമൂഹിക നീതി ഉയര്‍ത്തിപ്പിടിച്ച ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ (1878-1903) പേര് സ്വീകരിച്ചതോടെ പേരിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് അറുതിയായി. മുന്‍ഗാമി പോപ്പ് ഫ്രാന്‍സിസിനെപ്പോലെ പുതിയൊരു വിശുദ്ധന്റ പേര് സ്വീകരിച്ച് വിപ്ലവം സൃഷ്ടിക്കാനൊന്നും അമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പായ കര്‍ദിനാള്‍ റോബര്‍ട്ട് തയ്യാറായില്ല. പേരിന്റെ കാര്യത്തില്‍ താനൊരു പാരമ്പര്യവാദിയെന്ന് അദ്ദേഹം നയം വ്യക്തമാക്കുകയും ചെയ്തു.
പുതിയ പാപ്പ ഏത് പേരാവും സ്വീകരിക്കുക എന്നതിനെ ചൊല്ലി ആഗോളതലത്തില്‍ മാധ്യമങ്ങളും ജനങ്ങളും നടത്തിയ കണക്കുകൂട്ടലും ഊഹാപോഹങ്ങളും ലിയോ പതിനാലാമന്‍ എന്ന പേര് പ്രഖ്യാപിക്കപ്പെട്ടതോടെ തെറ്റി. വാതുവെപ്പുകാർ അടക്കമുള്ളവര്‍ നിശബ്ദരായി. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പുതിയ പേരും വ്യക്തമാക്കപ്പെടും.
വര്‍ഷങ്ങളായി കത്തോലിക്ക സഭയുടെ തലവനായി വരുന്ന വ്യക്തി തന്റെ മാമ്മോദീസ പേര് ഉപേക്ഷിച്ച് പുതിയ പേര് സ്വീകരിക്കുന്നതാണ് പാരമ്പര്യവും കീഴ്‌വഴക്കവും. സഭയുടെ ആദ്യ തലവനായ പത്രോസ് (Peter) തന്നെ അദ്ദേഹത്തിന്റെ ആദ്യ നാമമായ ശിമയോന്‍ (Simon) എന്ന പേര് ഒഴിവാക്കി എന്നതാണ് ചരിത്രം. പിന്നീട് വന്ന എല്ലാവരും ഈ പാരമ്പര്യം പിന്തുടര്‍ന്നിട്ടില്ല. ഇതുവരെ മാര്‍പാപ്പ സ്ഥാനം വഹിച്ച 266 പേരില്‍ 129 പേര്‍ മാത്രമാണ് പുതിയ പേര് സ്വീകരിച്ചത് എന്നാണ് സഭയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വത്തിക്കാന്‍ ന്യൂസ് (Vatican News) പറയുന്നത്.
എ ഡി 955ല്‍ മാര്‍പാപ്പയായിരുന്ന ജോണ്‍ പന്ത്രണ്ടാമൻ മുതല്‍ പോപ്പ് ഫ്രാന്‍സിസ് വരെ പുതിയ പേര് സ്വീകരിക്കുന്ന പാരമ്പര്യം പിന്തുടര്‍ന്നിട്ടുണ്ട്. പുതിയ പോപ്പും ആ പാത പിന്തുടരുമെന്നാണ് കരുതിയത് എങ്കിലും അതുണ്ടായില്ല. ലിയോ പതിമൂന്നാമൻ്റെ പിൻഗാമിയെന്ന നിലയിൽ പതിനാലാമൻ എന്ന പേര് സ്വീകരിക്കുകയാണ് പുതിയ മാർപാപ്പ ചെയ്തിരിക്കുന്നത്. മുന്‍ഗാമികളുടെ നിലപാടുകളും പ്രവര്‍ത്ത രീതികളും പിന്തുടരുന്നു എന്നതിന്റെ സൂചകമായാണ് ഒട്ടുമിക്കവരും ഇങ്ങനെ പേര് സ്വീകരിക്കുന്നത്. മുന്‍ഗാമികളുടെ പേരൊഴിവാക്കി തീർത്തും പുതിയ പേര് സ്വീകരിച്ച ഏറ്റവും ഒടുവിലത്തെ പാപ്പയാണ് പോപ്പ് ഫ്രാൻസിസ്.
മാര്‍പ്പാപ്പമാര്‍ ഏറ്റവും കൂടുതലായി സ്വീകരിച്ച പേരുകള്‍ ജോണ്‍, ഗ്രിഗറി, പീയൂസ്, ബെനഡിക്റ്റ് എന്നിവയാണ്. എഡി 523ലാണ് വിശുദ്ധ യോഹന്നാന്റെ (John ) പേര് അന്ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി സ്വീകരിച്ചത്. ഏറ്റവും ഒടുവില്‍ ഇറ്റാലിയന്‍ കര്‍ദിനാളായ ആഞ്ജലോ ജ്യുസപ്പേ റൊങ്കാളി മാര്‍പാപ്പയായി 1958ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജോണ്‍ 23 (John XX III) എന്ന നാമത്തിലാണ് അറിയപ്പെട്ടത്. പിന്നീട് ഏറ്റവും കൂടുതലായി സ്വീകരിച്ച പേരുകള്‍ ഗ്രിഗറിയും ബെനഡിക്റ്റുമാണ്. ബെനഡിക്റ്റ് എന്ന പേര് 16 പാപ്പമാര്‍ സ്വീകരിച്ചിട്ടുണ്ട്. പോപ്പ് ഫ്രാൻസിസിന് തൊട്ടുമുമ്പ് പാപ്പയായ ബെനഡിക്റ്റ് 16 മനാണ് അവസാനത്തെ ആള്‍.
പീയൂസ് (Pius) എന്ന പേര് സ്വീകരിച്ചവര്‍ ഏഴ് പേരാണ്. പോള്‍ എന്ന പേര് സ്വീകരിച്ചത് ആറ് പേര്‍ – 1963- 78 വരെ പോപ്പ് ആയിരുന്ന പോള്‍ ആറാമനാണ് ഈ വിശുദ്ധ പേരില്‍ അറിയപ്പെട്ട അവസാന ആഗോള തലവന്‍. എന്നാല്‍ ബൈബിളിലെ വിശുദ്ധന്മാരായി അറിയപ്പെടുന്ന ജോസഫ്, ജെയിംസ്, ആന്‍ഡ്രു, ലൂക്ക് എന്നീ പേരുകള്‍ നാളിതു വരെ മാര്‍പാപ്പമാര്‍ സ്വീകരിച്ചിട്ടില്ലാ എന്നത് കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ രണ്ട് പാപ്പമാര്‍ മാത്രമാണ് രണ്ട് വിശുദ്ധരുടെ പേരുകള്‍ ഒന്നിച്ച് സ്ഥാനപ്പേരായി സ്വീകരിച്ചത്. 1978 ല്‍ സ്ഥാനമേറ്റ ഇറ്റാലിയന്‍ കര്‍ദിനാള്‍ അല്‍ബിനോ ലൂസിയാനി ജോണ്‍ പോള്‍ ഒന്നാമന്‍ എന്ന പേരാണ് സ്വീകരിച്ചത്. 1978 ഓഗസ്റ്റ് 26ന് സ്ഥാനമേറ്റ അദ്ദേഹം സെപ്റ്റംബര്‍ 28ന് അന്തരിച്ചു. കേവലം 33 ദിവസങ്ങള്‍ മാത്രമാണ് ജോണ്‍ പോള്‍ ഒന്നാമന്‍ പത്രോസിന്റെ സിംഹാസനത്തിലിരുന്നത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന പോളണ്ട് സ്വദേശിയായ കര്‍ദ്ദിനാള്‍ കാരോള്‍ ജോസഫ് വോയ്റ്റീല പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഇദ്ദേഹത്തിന് പിന്നാലെ സ്ഥാനമേറ്റ ബെനഡിക്റ്റ് പതിനാറാമന്‍ തന്റെ ആരാധനാപാത്രമായ ബെനഡിക്റ്റ് 15മനോടുള്ള ആദര സൂചകമായാണ് ഈ പേര് സ്വീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനത്യാഗം ചെയ്ത ബെനഡിക്റ്റ് 16മന് പിന്നാലെ വന്ന അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോഗ്ളിയോ സഭയുടെ ചരിത്രത്തിലാദ്യമായി, ഫ്രാന്‍സിസ് എന്ന സ്ഥാനപേര് സ്വീകരിച്ചു. ജീവിതത്തിലുടനീളം വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ പേരിലും വ്യത്യസ്തത പുലര്‍ത്തി എന്നതും ചരിത്രം.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമി ഒറ്റ പേര് സ്വീകരിക്കുമോ, അതോ പുതിയ വിശുദ്ധന്റ പേരാണോ സ്വീകരിക്കുക എന്നൊക്കെയുള്ള അഭ്യൂഹങ്ങള്‍ ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന പ്രഖ്യാപനത്തോടെ അവസാനിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ വന്നതോടെ പേരിനെ ചൊല്ലിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ അവസാനിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here