പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!! അഭയാർത്ഥി പ്രശ്നത്തിലടക്കം പോപ്പ് ഫ്രാൻസിസിൻ്റെ പിന്ഗാമി; ഒരുകാര്യത്തിൽ ആശ്വസിക്കാം….

അമേരിക്കയിൽ ജനിച്ചു വളർന്നെങ്കിലും ഇരട്ട പൗരത്വമുണ്ട് പുതിയ മാർപാപ്പാ ലിയോ പതിനാലാമന്. വൈദികനായും മെത്രാനായും പത്തുവർഷത്തിലേറെ ജോലിചെയ്ത പെറുവിൻ്റെ പൗരത്വവും ഉണ്ട് കർദിനാൾ റോബർട്ടിന്. വൈദികപഠനത്തിനായി ഇരുപത്തിയേഴാം വയസിൽ റോമിലെത്തിയ അദ്ദേഹം മിഷനറിയായാണ് പെറുവിൽ എത്തിയത്. ഇങ്ങനെ വിപുലമായ ലോകപരിചയം കൈമുതലായുള്ളത് കൊണ്ടാകണം പോപ്പ് ഫ്രാൻസിസിനെ പോലെ പല കാര്യങ്ങളിലും പുരോഗമന കാഴ്ചപ്പാടുണ്ട് പുതിയ പാപ്പാക്ക്.

പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട് അറിയപ്പെട്ടത്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും കടുംപിടുത്തമില്ല. ലൈംഗിക ന്യൂനപക്ഷങ്ങൾ അടക്കം പാർശ്വവൽക്കരിക്കപ്പെട്ട ആളുകളുടെ കാര്യത്തിൽ എല്ലായ്പ്പോഴും സമഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. പാവങ്ങളുടെയും അഭയാർത്ഥികളുടെയും രക്ഷകനായും പലപ്പോഴും നിലപാട് എടുത്തിട്ടുള്ള ഇദ്ദേഹത്തെ ഇക്കാരണം കൊണ്ട് തന്നെ പോപ്പ് ഫ്രാൻസിസിന് യോഗ്യനായ പിന്ഗാമിയെന്ന് പലരും കണക്കുകൂട്ടിയിട്ടുണ്ട്.
അതേസമയം ഒരുകാര്യത്തിൽ സഭയിലെ പാരമ്പര്യവാദികൾക്ക് ആശ്വസിക്കാം. സ്ത്രീകളുടെ പൗരോഹിത്യത്തിൻ്റെ കാര്യത്തിൽ പോപ്പ് ഫ്രാൻസിസിൻ്റെ അതേ നിലപാടാണ് ലിയോ പതിനാലാമനും. വത്തിക്കാൻ്റെ അധികാരശ്രേണിയിൽ സ്ത്രീകൾക്ക് നിർണായക സ്ഥാനം നൽകുകയും പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽകഴുകലിന് തുടക്കം കുറിക്കുകയും ചെയ്ത പോപ്പ് ഫ്രാൻസിസ് പക്ഷെ പൗരോഹിത്യം ആണുങ്ങളുടെ കുത്തകയാണെന്ന് തന്നെ വിശ്വസിച്ചു. അതേ പാതയിലാണ് ലിയോ പതിനാലാമനും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here