ആശങ്കപ്പെട്ടിരിക്കാൻ നേരമില്ല, രണ്ടുംകൽപിച്ച് ഇറങ്ങാൻ സിപിഎം!! ശബരിമലയിൽ പുതിയ ന്യായീകരണങ്ങൾ ഒരുങ്ങുന്നു

ശബരിമല സ്വര്‍ണ്ണപാളി കേസില്‍ പ്രതിരോധത്തിലേയ്ക്ക് പോകേണ്ടതില്ലെന്ന് സിപിഎമ്മില്‍ ആലോചന. അങ്ങനെയായാല്‍ അത് പാര്‍ട്ടിക്കും മുന്നണിക്കും ഈ തിരഞ്ഞെടുപ്പു കാലത്ത് കരകയറാൻ വയ്യാത്ത പ്രതിസന്ധിയാകുമെന്ന് തിരിച്ചറിഞ്ഞാണ് നേതൃത്വത്തിൻ്റെ നീക്കം. ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടി നേതാവ് എ.പത്മകുമാറിൻ്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം പാര്‍ട്ടി സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ചചെയ്ത് ഭാവികാര്യങ്ങളില്‍ ധാരണയുണ്ടാക്കുമെന്ന് സിപിഎം ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്തായാലും സർക്കാരിൻ്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണം മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്നലെ തന്നെ സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയിലെ സ്വര്‍ണ്ണം കട്ടകേസില്‍ ഇന്നലെ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ.പത്മകുമാര്‍ അറസ്റ്റിലായതോടെയാണ് പാര്‍ട്ടി ആകെ വെട്ടിലായത്. എന്നാല്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത് ഇതിന്റെ പേരില്‍ പ്രതിരോധത്തിലേയ്ക്ക് പോയാല്‍ അത് വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായം. അതുകൊണ്ട് വിഷയം ഉയര്‍ത്തി കൊണ്ടുവരുന്നവരെ അതേ നാണയത്തില്‍ നേരിടണമെന്നാണ് പൊതുവില്‍ അഭിപ്രായം. ശബരിമലയില്‍ യുഡിഎഫിന്റെയും മറ്റും കാലത്ത് നടന്ന തട്ടിപ്പുകളും വെട്ടിപ്പുകളും ഉള്‍പ്പെടെ ഉയര്‍ത്തി പൊതുമധ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉടൻ തുടങ്ങും.

അതിനൊപ്പം ഇപ്പോൾ നടന്ന വെട്ടിപ്പിലൊന്നും പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും, കുറ്റംചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്നും പറഞ്ഞൊഴിയാനാണ് നീക്കം. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത് എങ്കിലും സര്‍ക്കാര്‍ എന്ന നിലയില്‍ വേണ്ട ഇടപെടല്‍ നടത്തി തടിരക്ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയും. എന്നാല്‍ അതിനൊന്നും മുതിരാതെ നിഷ്പക്ഷ അന്വേഷണത്തിന് പൂര്‍ണ്ണമായ പിന്തുണ നല്‍കുന്നത് തന്നെ പാര്‍ട്ടിക്കൊരു പങ്കുമില്ല എന്നതിന് തെളിവാണെന്നും പൊതുസമൂഹത്തിൽ ഉന്നയിക്കും. പത്മകുമാർ പുകഞ്ഞ കൊള്ളിയാണെന്നും പാർട്ടിക്കെതിരെയോ നേതാക്കൾക്കെതിരെയോ അയാളിനി എന്തു മൊഴി കൊടുത്താലും ഒരു കാര്യവുമില്ലെന്നും ജനത്തെ ബോധിപ്പിക്കാനുള്ള ശ്രമവുമുണ്ടാകും.

അന്ന് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയുടെ പേര് പത്മകുമാര്‍ പറയാനുള്ള സാധ്യത സിപിഎം മുൻകൂട്ടി കാണുന്നുണ്ട്. എന്നാലും വാസുവിനേയും പത്മകുമാറിനെയും പോലെ അത്ര പെട്ടെന്ന് അദ്ദേഹത്തെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് പാർട്ടിക്കൊരു ധാരണയുണ്ട്. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ മന്ത്രിക്കോ സര്‍ക്കാരിനോ ഇടപെടാനാവില്ല എന്നാണ് അതിനായി ഉയര്‍ത്തുന്ന വാദം. എന്നാലും കടകംപള്ളിയിലേയ്ക്ക് ഇതെത്തി ചോദ്യം ചെയ്യാന്‍ വിളിച്ചാൽ തന്നെ വിഷയം മറ്റൊരു തലത്തിലേക്ക് മാറും. സംഘടനാ സംവിധാനം എത്രയൊക്കെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചാലും അതുണ്ടാക്കുന്ന ക്ഷീണം മറികടക്കാന്‍ പാര്‍ട്ടിക്ക് സമീപകാലത്തെങ്ങും കഴിഞ്ഞെന്ന് വരില്ല എന്നത് യാഥാർത്ഥ്യമാണ്.

ചിലപ്പോള്‍ മന്ത്രിയായിരുന്ന കടകംപള്ളിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി കത്തുകള്‍ വല്ലതും നല്‍കിയിരിക്കാം. മന്ത്രിയെന്ന നിലയില്‍ അത് ബോര്‍ഡിന് കൈമാറിയിരിക്കാം. അതൊരു സ്വാഭാവിക നടപടി മാത്രമാണ്. അതില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി എഴുതിയിട്ടുണ്ടെങ്കില്‍ പോലും അത് സ്വീകരിക്കാന്‍ ബോര്‍ഡ് ബാദ്ധ്യസ്ഥരല്ലെന്നും, മറ്റുമൊക്കെ മുൻകൂർ ജാമ്യത്തിനുള്ള വാദങ്ങൾ പാര്‍ട്ടി രൂപപ്പെടുത്തുന്നുണ്ട്. എന്നാലും ഭയം സിപിഎമ്മിനെ ചൂഴ്ന്നുനിൽക്കുകയാണ്. അന്വേഷണസംഘം അറസ്റ്റുചെയ്തു എന്നതുകൊണ്ട് ആരും കുറ്റക്കാരാവില്ലെന്ന് ഇപ്പോൾ പാർട്ടി സെക്രട്ടി പറയുന്നത് പോലെ പറയാമെങ്കിലും, തിരഞ്ഞെടുപ്പു കാലത്ത് ജനത്തെ മുഖത്തോടുമുഖം കാണേണ്ടി വരുമ്പോൾ ഇതൊന്നും എളുപ്പമല്ലെന്ന ബോധ്യം അണികൾക്കുണ്ട്.

എത്രയൊക്കെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും ശ്രമിച്ചാലും പാര്‍ട്ടിക്കും സര്‍ക്കാരിനും ഇതേൽപിക്കുന്ന കളങ്കം അതിഭീകരമാണെന്ന അഭിപ്രായം സിപിഎമ്മില്‍ മാത്രമല്ല, മുന്നണിയില്‍ തന്നെയുണ്ട്. ദേവസ്വം പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ അന്നുതന്നെ പല ഘടകകക്ഷികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. യുവതീപ്രവേശന വിധിയുടെ പേരിലുണ്ടായ പ്രക്ഷോഭങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സമരക്കാര്‍ക്ക് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കാമെന്ന പ്രസ്താവന വരെ അദ്ദേഹം അന്നിറക്കിയിരുന്നു. എന്നിട്ടും അയാളെ സംരക്ഷിച്ചതാണ് സിപിഎമ്മിന് പറ്റിയ അബദ്ധം എന്നാണ് ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top