ചൈന-അമേരിക്ക തർക്കം ഇന്ത്യക്ക് നേട്ടമാകും; അമേരിക്കയിലേക്ക് കൂടുതൽ കയറ്റുമതി ചെയ്യാനാകുമെന്ന് പ്രതീക്ഷ

അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര സംഘർഷങ്ങൾ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് ഗുണകരമാവുമെന്ന് വിലയിരുത്തൽ. ഈ അവസരം ഉപയോഗിച്ച് യു.എസ്. വിപണിയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നാണ് കയറ്റുമതി രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
Also Read : താരിഫ് യുദ്ധം അതിരൂക്ഷം; അമേരിക്ക-ചൈന ബന്ധം പുതിയ വഴിത്തിരിവിൽ; ആഗോള സമ്പദ്‌വ്യവസ്ഥ ആശങ്കയിൽ
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യു.എസ്. അധിക നികുതി ചുമത്തിയത് കൊണ്ട് ഉത്പന്നങ്ങളുടെ ആവശ്യക്കാർ ഇന്ത്യയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്.ഐ.ഇ.ഒ.) പ്രസിഡന്റ് എസ്സി റാൽഹൻ പറഞ്ഞു. 2024-25-ൽ ഇന്ത്യ 86 ബില്യൺ ഡോളറിന്റെ സാധനങ്ങളാണ് യു.എസിലേക്ക് കയറ്റുമതി ചെയ്തത്.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം അധിക നികുതിയാണ് യുഎസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഇതോടെ ചൈനീസ് ഇറക്കുമതിയുടെ മൊത്തം നികുതി നിരക്ക് ഏകദേശം 130 ശതമാനമായി ഉയരും. അമേരിക്കയുടെ പ്രതിരോധം, ഇലക്ട്രിക് വാഹന, ശുദ്ധ ഊർജ്ജ വ്യവസായങ്ങൾക്ക് അത്യാവശ്യമായ അപൂർവ ഭൌമധാതുക്കളുടെ (Rare Earth Minerals) കയറ്റുമതിക്ക് ചൈന കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന് മറുപടിയായാണ് യുഎസിന്റെ ഈ നടപടി.
നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം നികുതിയാണ് ചുമത്തുന്നത്. “ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള ഈ 100% അധിക നികുതി നമുക്ക് മുൻതൂക്കം നൽകും, വ്യവസായ വിദഗ്ദ്ധർ പറയുന്നു. ചൈനീസ് ഇറക്കുമതിക്ക് നികുതി കൂടിയത് അമേരിക്കൻ വിപണിയിൽ ഇന്ത്യക്ക് വലിയ കയറ്റുമതി അവസരങ്ങൾ തുറക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്.
നികുതി വർധന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ വില വർധിപ്പിക്കുമെന്നും ഇത് അവരുടെ മത്സരക്ഷമത കുറയ്ക്കുമെന്നും മറ്റ് കയറ്റുമതിക്കാർ വിശദീകരിക്കുന്നു. കളിപ്പാട്ട കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന മനു ഗുപ്തയുടെ അഭിപ്രായത്തിൽ, ഈ പുതിയ സ്ഥിതിവിശേഷം, ഇന്ത്യൻ ബിസിനസുകൾക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. തുല്യമായ മത്സരത്തിനുള്ള അന്തരീക്ഷം ഉണ്ടാക്കുമെന്നും, റീട്ടെയിൽ രംഗത്തെ ഭീമനായ ടാർഗറ്റ് പോലുള്ള കമ്പനികൾ ഇതിനോടകം പുതിയ ഉൽപ്പന്നങ്ങൾക്കായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ്. – ചൈന തർക്കം ഇലക്ട്രിക് വാഹനങ്ങൾ, കാറ്റാടി ടർബൈനുകൾ, സെമികണ്ടക്ടർ ഭാഗങ്ങൾ എന്നിവയുടെ ആഗോള വില വർധിപ്പിക്കുമെന്നും ജി.ടി.ആർ.ഐ. (Global Technology Research Institute) അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, പാദരക്ഷകൾ, വാട്ടർ പ്യുരിഫൈർ ഉപകരണങ്ങൾ, സോളാർ പാനലുകൾ എന്നിവയ്ക്കായി യു.എസ്. പ്രധാനമായും ചൈനയെയാണ് ഇതുവരെ ആശ്രയിച്ചിരുന്നത് എന്നും അവർ വ്യക്തമാക്കി.
2024-25-ൽ 131.84 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമായി യു.എസ്. തുടർച്ചയായി നാലാം വർഷവും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ 18% വും, മൊത്തം വ്യാപാരത്തിന്റെ 10.73% വും അമേരിക്കയിലേക്കാണ്. നിലവിൽ ഇന്ത്യയും യു.എസും പുതിയൊരു ഉഭയകക്ഷി വ്യാപാര കരാറിനായി ചർച്ചകൾ നടത്തുന്നുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here