ഭക്ഷണം വൈകിയതിന് നവവധുവിന് ക്രൂര പീഡനം; ജിം ട്രെയിനറുടെ അതിക്രമം പുറത്ത്

പെരിന്തൽമണ്ണയിൽ നവവധുവിന് ക്രൂര പീഡനം. ഭക്ഷണം നൽകാൻ വൈകിയതിൻ്റെ പേരിലാണ് ഭാര്യയെ ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചത്. ജിം ട്രെയിനറായ മലപ്പുറം ആനമങ്ങാട് പരിയാപുരം സ്വദേശിയായ മുഹമ്മദ് ഷഹീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഒക്ടോബർ 27നാണ് കേസിനാസ്പദമായ പീഡനം നടന്നത്. രാത്രി വീട്ടിലെത്തിയ ഷഹീന് ഭക്ഷണം നൽകാൻ ഭാര്യ താമസിച്ചു. ഇതിന്റെ പേരിൽ പ്രകോപിതനായ ഇയാൾ ഭാര്യയുടെ തല പിടിച്ച് ചുമരിൽ ഇടിപ്പിക്കുകയായിരുന്നു. കൂടാതെ മുഖത്തും കഴുത്തിലും അടിക്കുകയും ചെയ്തു. ഒരു മാസം മുമ്പാണ് ഷഹീനും യുവതിയും പ്രണയിച്ച് വിവാഹിതരായത്.
ഷഹീൻ്റെ വീട്ടിൽ വെച്ച് യുവതി നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നു എന്നും പൊലീസ് പറയുന്നു. വിവാഹ സമയത്ത് യുവതിയുടെ വീട്ടുകാർ നൽകിയ 15 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്.
പീഡനത്തെ തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടി. അവിടെവെച്ച് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റിലായ ഷഹീനെ കോടതി റിമാൻഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here