റേറ്റിങില്‍ കൂപ്പുകുത്തി ഏഷ്യാനെറ്റ് ന്യൂസ്!! ചരിത്രത്തില്‍ ആദ്യമായി മൂന്നാം സ്ഥാനത്ത്; വോട്ടെണ്ണല്‍ ദിനത്തിലടക്കം മുന്നേറി റിപ്പോര്‍ട്ടര്‍

മലയാളം ന്യൂസ് ചാനല്‍ റേറ്റിങില്‍ കനത്ത തിരിച്ചടി നേരിട്ട് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ ആഴ്ചയിലെ റേറ്റിങില്‍ മൂന്നാം സ്ഥാനത്താണ് മലയാളത്തിലെ ആദ്യ ന്യൂസ് ചാനല്‍. റിപ്പോര്‍ട്ടര്‍ ടിവിയും, ട്വന്റി ഫോറുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പോലെ നിര്‍ണ്ണായക സംഭവങ്ങള്‍ നടന്ന ആഴ്ചയിലാണ് പിന്നിലേക്ക് പോയത് എന്നതും ശ്രദ്ധേയമാണ്.

മൂന്നാം സ്ഥാനത്ത് ആയി എന്നത് മാത്രമല്ല റേറ്റിങില്‍ വലിയ ഇടിവും ഉണ്ടായിട്ടുണ്ട്. ആദ്യ സ്ഥാനത്തുള്ള റിപ്പോര്‍ട്ടറുമായി 12 പോയിന്റിന്റെ വ്യത്യാസമാണുള്ളത്. റിപ്പോര്‍ട്ടര്‍ 118, ട്വന്റി ഫോര്‍ 113, ഏഷ്യാനെറ്റ് ന്യൂസ് 106 എന്നിങ്ങനെയാണ് ജിആര്‍പി. നാലും അഞ്ചും സ്ഥാനത്ത് പതിവുപോലെ മനോരമ ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകളാണ്.
ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ പതിവ് മുഖങ്ങളായ വിനു വി ജോണ്‍, പിജി സുരേഷ് കുമാർ, സിന്ധു സൂര്യകുമാര്‍ എന്നിവരെ ഒഴിവാക്കി യുവനിരയെ രംഗത്ത് ഇറക്കിയിരുന്നു. ചാനല്‍ മത്സരത്തിലെ എതിരാളികളുടെ രീതി അനുകരിച്ചാണ് ഈ പരിഷ്കാരം കൊണ്ടുവന്നത്. ഇത് പ്രേക്ഷകര്‍ സ്വീകരിച്ചില്ല എന്നതാണ് റേറ്റിങ് വ്യക്തമാക്കുന്നത്.

വോട്ടെണ്ണല്‍ ദിനത്തില്‍ യൂട്യൂബ് വ്യൂസില്‍ അടക്കം ഏഷ്യാനെറ്റിന് വൻ ഇടിവുണ്ടായിരുന്നു. വോട്ടെണ്ണല്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്ന 11 മണി കഴിഞ്ഞ സമയത്ത് 2,69,249 പേര്‍ യൂട്യൂബില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്ടപ്പോള്‍, ഏഷ്യാനെറ്റ് ന്യൂസ് കാണുന്നവരുടെ എണ്ണം വെറും 72,782 ആയിരുന്നു. അത് വലിയ തിരിച്ചടിയുടെ സൂചനയായിരുന്നു എന്നാണ് വിലയിരുത്തുന്നത്.
ഏഷ്യാനെറ്റിന്റെ ഉടമസ്ഥനായ രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായത് മുതല്‍ ചാനലിൻ്റെ നിഷ്പക്ഷതയെക്കുറിച്ച് രാഷ്ട്രീയ എതിരാളികൾ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അത് ചാനൽ പ്രേക്ഷകർക്കിടയിലും ചലനമുണ്ടാക്കി എന്നാണ് സൂചന. ആഘട്ടം മുതല്‍ റിപ്പോർട്ടറിന് പിന്നില്‍ രണ്ടാം സ്ഥാനത്തായി ഏഷ്യാനെറ്റ്.
കഴിഞ്ഞ ആഴ്ചയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും അത് നിലനിര്‍ത്താന്‍ കഴിയാത്തതാണ് ഇപ്പോൾ കാണുന്നത്. നേരത്തെ റിപ്പോര്‍ട്ടറും ട്വന്റി ഫോറും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ ജിആര്‍പിയില്‍ ഇത്ര വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here