ഫോൺ നിർമ്മാണ രഹസ്യങ്ങൾ സർക്കാർ ചോദിച്ചെന്ന വാർത്ത തെറ്റ്! വിശദീകരണവുമായി ഐടി മന്ത്രാലയം

സ്മാർട്ട്ഫോൺ കമ്പനികൾ അവരുടെ ഫോണുകളുടെ നിർമ്മാണ രഹസ്യങ്ങൾ (Source Code) സർക്കാരുമായി പങ്കിടണം എന്ന വാർത്ത കേന്ദ്ര സർക്കാർ നിഷേധിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി സോഴ്സ് കോഡ് ആവശ്യപ്പെടുമെന്നും സോഫ്റ്റ്‌വെയറുകളിൽ മാറ്റം വരുത്താൻ സർക്കാർ സമ്മർദ്ദം ചെലുത്തുന്നുവെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് (Reuters) റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടാണ് കേന്ദ്രം തള്ളിയത്.

മൊബൈൽ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളൊന്നും ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും എല്ലാ മേഖലയിലുള്ളവരുമായും ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നും മന്ത്രാലയം അറിയിച്ചു. തെറ്റായ വാർത്ത നൽകിയ റോയിട്ടേഴ്സിനെ മന്ത്രാലയം വിമർശിച്ചു. ഫോൺ നിർമ്മാതാക്കളുടെയോ മറ്റ് അസോസിയേഷനുകളുടെയോ കൃത്യമായ മറുപടി നൽകാതെ വാർത്തയെ സെൻസേഷണൽ ആക്കാനാണ് ഏജൻസി ശ്രമിച്ചതെന്ന് മന്ത്രാലയം ആരോപിച്ചു.

ഫോണുകളുടെ സുരക്ഷ, ഇന്ത്യൻ ഭാഷാ സപ്പോർട്ട്, ഇലക്ട്രോണിക് മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് സർക്കാർ കമ്പനികളുമായി പതിവായി ചർച്ചകൾ നടത്താറുണ്ട്. ഇതിനെ തെറ്റായ രീതിയിൽ ചിത്രീകരിക്കരുത്. ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികൾക്ക് തങ്ങളുടെ ഫോണുകളുടെ രഹസ്യ കോഡുകൾ നൽകുന്നതിൽ ആശങ്കയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ ഇത്തരം നിയമങ്ങൾ എവിടെയും നിലവിലില്ലെന്നും ഇത് കമ്പനികളുടെ സാങ്കേതിക രഹസ്യങ്ങൾ ചോരാൻ കാരണമാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മുൻപ് ചൈന ഇത്തരം കോഡുകൾ ചോദിച്ചപ്പോൾ ആപ്പിൾ അത് നൽകാൻ വിസമ്മതിച്ചിരുന്നു. അമേരിക്കൻ സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടപ്പോഴും ആപ്പിൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. നിലവിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചർച്ചകൾ തുടർന്നു വരികയാണെന്നും ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ICEA) അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top