ശാരീരിക ബന്ധത്തിന് തടസ്സമായി; കുഞ്ഞിനെ ഇടിച്ചു കൊന്നു; ഒരു വയസ്സുകാരന്റെ മരണത്തിൽ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന വിവരങ്ങൾ. ഇഹാന്റെ മരണത്തിൽ അച്ഛൻ ഷിജിലിനെതിരെ കുട്ടിയുടെ അമ്മ കൃഷ്ണപ്രിയയുടെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകൾ. ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസ്സമായതാണ് കൊലപാതകത്തിന് കാരണമെന്ന് കൃഷ്ണപ്രിയ മൊഴിയിൽ പറയുന്നു.
സംഭവദിവസം ഷിജിൽ ഭാര്യയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ശ്രമിക്കുമ്പോൾ കുഞ്ഞ് ഉണർന്ന് കരഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ ഷിജിൽ ഉടൻ തന്നെ കുഞ്ഞിനെയെടുത്ത് മടിയിലിരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റിൽ ആഞ്ഞടിച്ചു. ഭീകരമായ വേദനകൊണ്ട് കുഞ്ഞ് പുളഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ ഷിജിൽ തയ്യാറായില്ല. ഏറെ നേരം മാതാവ് അപേക്ഷിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
Also Read : നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ മരിച്ചത് ബിസ്കറ്റ് കഴിച്ചിട്ടല്ല; അച്ഛൻ ഷിജിൽ കുടുങ്ങിയത് ഇങ്ങനെ
ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്നായിരുന്നു അമ്മ കൃഷ്ണപ്രിയയുടെ ആദ്യ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അടിവയറ്റിൽ കടുത്ത ക്ഷതവും ആന്തരിക അവയവങ്ങൾക്ക് തകരാറും കണ്ടെത്തിയതോടെ പോലീസ് അന്വേഷണം മാതാപിതാക്കളിലേക്ക് നീങ്ങുകയായിരുന്നു.
പ്രതിയായ ഷിജിൽ നിരവധി സെക്സ് ചാറ്റ് ആപ്പുകളിൽ അംഗമാണെന്നും പല സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. സെക്സ് ചാറ്റിനായി മാത്രമായി ഇയാൾ ഒരു പ്രത്യേക ഗ്രൂപ്പും തുടങ്ങിയിരുന്നു. കുഞ്ഞിനെ നേരത്തെ തന്നെ ഷിജിലിന് ഇഷ്ടമല്ലായിരുന്നു. കുഞ്ഞിന്റെ കൈ ഒടിച്ച ശേഷം എടുത്ത ഒരു ചിത്രം മാത്രമാണ് ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ചത്. കുഞ്ഞ് അടുത്തു വരുമ്പോൾ കരയുന്നതും ഉറക്കം കളയുന്നതും ഇയാളെ ചൊടിപ്പിച്ചിരുന്നു.
ഭാര്യയോടുള്ള ദേഷ്യം കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്ന് ഷിജിൽ മുൻപ് മൊഴി നൽകിയിരുന്നു. മരിച്ച കുഞ്ഞിന്റെ കയ്യിൽ നേരത്തെ തന്നെ ഒടിവുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഷിജിലിന്റെ മാതാപിതാക്കളും സഹോദരിയും ചേർന്ന് കൃഷ്ണപ്രിയയെയും കുഞ്ഞിനെയും നിരന്തരം ഉപദ്രവിച്ചിരുന്നതായി കൃഷ്ണപ്രിയയുടെ അമ്മ പ്രഭ ആരോപിച്ചു. കുഞ്ഞിന്റെ മരണത്തിൽ ഇവർക്കും പങ്കുണ്ടെന്നും അവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here