നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ മരിച്ചത് ബിസ്കറ്റ് കഴിച്ചിട്ടല്ല; അച്ഛൻ ഷിജിൽ കുടുങ്ങിയത് ഇങ്ങനെ

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ ഇഹാന്റെ മരണത്തിൽ അറസ്റ്റിലായ പിതാവ് ഷിജിലിന്റെ കുറ്റസമ്മത മൊഴി പുറത്ത്. ഭാര്യയോടുള്ള വിരോധം തീർക്കാൻ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണമെന്ന് ഷിജിൽ പോലീസിനോട് സമ്മതിച്ചു. കുഞ്ഞിനെ മടിയിലിരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഈ മർദ്ദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ ജീവനെടുത്തത്.
ഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞ് ഇഹാൻ കുഴഞ്ഞുവീണ് മരിച്ചത്. ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്നായിരുന്നു അമ്മ കൃഷ്ണപ്രിയയുടെ ആദ്യ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അടിവയറ്റിൽ കടുത്ത ക്ഷതവും ആന്തരിക അവയവങ്ങൾക്ക് തകരാറും കണ്ടെത്തിയതോടെ പോലീസ് അന്വേഷണം മാതാപിതാക്കളിലേക്ക് നീങ്ങുകയായിരുന്നു.
ഷിജിലും കൃഷ്ണപ്രിയയും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. കുറച്ചുകാലം അകന്നു കഴിഞ്ഞിരുന്ന ഇവർ ഈയിടെയാണ് വീണ്ടും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത്. ഭാര്യയോടുള്ള ദേഷ്യം കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്ന് ഷിജിൽ മൊഴി നൽകി. മരിച്ച കുഞ്ഞിന്റെ കയ്യിൽ നേരത്തെ തന്നെ ഒടിവുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്നാഴ്ച മുൻപ് സംഭവിച്ചതാണെന്നാണ് ഡോക്ടർമാരുടെ മൊഴി. കുഞ്ഞിനെ ഷിജിൽ മുൻപും ഉപദ്രവിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് പോലീസ് കരുതുന്നു.
മൂന്ന് തവണ നടത്തിയ ചോദ്യം ചെയ്യലിലും പരസ്പര വിരുദ്ധമായ മൊഴികളാണ് ഷിജിൽ നൽകിയിരുന്നത്. ഒടുവിൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് ഷിജിൽ കുറ്റം സമ്മതിച്ചത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഷിജിലിനെ കോടതിയിൽ ഹാജരാക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here