കരാര്‍ കമ്പനിയെ വിലക്കി; പഠിക്കാന്‍ സമിതി; നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ തീവ്രശ്രമം

ദേശീയപാത 66 കൂരിയാട് ഭാഗത്ത് സംഭവിച്ച നിര്‍മ്മാണത്തിലെ പിഴവില്‍ കടുത്ത നടപടി. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ സമ്പൂര്‍ണ്ണമായി വിലക്കി. ഹൈവേ എന്‍ജിനീയറിങ് കമ്പനിയേയും വിലക്കിയിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് ഇനി തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല. നിര്‍മ്മാണത്തിലും പ്രാരംഭ പഠനത്തിലും വീഴ്ച വന്നു എന്ന നിഗമനത്തിലാണ് ഈ നടപടി.
എന്‍എച്ച്എ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. പ്രൊജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെ പുറത്താക്കി. ടീം ലീഡര്‍ ഓഫ് കണ്‍സള്‍ട്ടന്റ് രാജ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു. പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകത കണ്ടെത്തിയിട്ടുണ്ട്. വലിയ നാണക്കേടായ വിഷയത്തില്‍ വേഗത്തില്‍ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്.
നിര്‍മ്മാണത്തിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് കടുത്ത നടപടികളും പ്രഖ്യാപിച്ചത്. ഐഐടി പ്രഫസര്‍ കെ.ആര്‍.റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാകും പഠനം നടത്തുക. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. തിങ്കളാഴ്ചയാണ് നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നാലെ തൃശൂര്‍, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here