ആസ്ഥാന ന്യായീകരണ തൊഴിലാളികള്‍ മുങ്ങി; ‘റീല്‍സ് മന്ത്രി’ക്കും മിണ്ടാട്ടമില്ല; എന്‍എച്ചിന്റെ പേരില്‍ മോദി- പിണറായി സ്തുതി പാടിയവര്‍ മൗനത്തില്‍

വേനല്‍ മഴയെത്തുടര്‍ന്ന് ദേശീയപാത 66ല്‍ വ്യാപകമായ വിള്ളലും മണ്ണിടിച്ചിലും വ്യാപകമായതോടെ പിണറായിയേയും മോദിയേയും വികസനായകരെന്ന് വാഴ്ത്തിപ്പാടിയിരുന്ന സോഷ്യല്‍ മീഡിയ ന്യായീകരണക്കാര്‍ നാടുവിട്ട അവസ്ഥയിലാണ്. ഇരു പാര്‍ട്ടികളുടേയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കടുത്ത നിരാശയിലും മൗനത്തിലുമാണ്.
രണ്ട് പ്രധാന തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ദേശീയപാതയുടെ വികസനവും അതിന് കേന്ദ്ര- കേരള സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് സദാ നേരത്തും സൈബര്‍ ഇടങ്ങളില്‍ കൊണ്ടാടിയിരുന്ന സിപിഎം- ബിജെപി ന്യായീകരണ സംഘങ്ങള്‍ പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് കളമൊഴിഞ്ഞ് നില്‍ക്കുകയാണ്. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള പ്രദേശങ്ങളിലുള്ള ദേശീയപാതയിലാണ് വ്യാപകമായ വിള്ളലുണ്ടായത്. പലയിടങ്ങളിലും റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിന് പുറമെ ചിലയിടങ്ങളില്‍ ആഴത്തില്‍ വെട്ടിക്കീറിയതു പോലെയാണ് റോഡിന്റെ അവസ്ഥ.
എന്തിനും ഏതിനും പിണറായി സര്‍ക്കാരിനെ പാടിപ്പുകഴ്ത്തുന്ന ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയെ പോലുള്ള വ്യക്തികളെല്ലാം ദേശീയപാത തകര്‍ച്ചയെക്കുറിച്ച് മിണ്ടാതിരിക്കുകയാണ്. ഇവരാരും തന്നെ സാധാരണ ഇറക്കുന്ന ക്യാപ്‌സ്യൂളുകളോ, മനുഷ്യന് മനസിലാവാത്ത വിധത്തിലുള്ള താത്വിക അവലോകനങ്ങളോ നടത്താന്‍ മടിക്കുന്നു. കുറഞ്ഞ പക്ഷം അമേരിക്കന്‍ സാമ്രാജ്യ ശക്തികളാണ് റോഡ് തകര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലും പറയാന്‍ പിണറായി ഭക്തര്‍ തയ്യാറാവുന്നില്ല. കേരളം മുഴുവന്‍ സഞ്ചരിച്ച് റോഡുകളെ കുറിച്ച് റീല്‍സ് ഇടുന്ന പൊതുമരാമത്ത് മന്ത്രിയും മൗനത്തിലാണ്. സംസ്ഥാനത്തിന്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് കളംവിട്ടു.
ഇന്ത്യയുടെ സകല വികസനവും 2014ന് ശേഷം ഉണ്ടായതാണെന്നും എല്ലാറ്റിനും കാരണഭൂതന്‍ നരേന്ദ്ര മോദിയാണെന്ന് പറയുന്ന സംഘികളും കടുത്ത മൗനത്തിലും നിരാശയിലുമാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ കിട്ടിയ അവസരത്തില്‍ ആഞ്ഞടിക്കുകയാണ്. വിടി ബല്‍റാമിന്റെ നേതൃത്വത്തിലാണ് കമ്മി- സംഘി ഭജനപ്പാട്ടുകാരെ വലിച്ചുകീറി ഒട്ടിക്കുന്നത്.
“മാറിപ്പോകരുത്, നേരത്തെ പാലം തകര്‍ന്നത് കൂളിമാട്, ഇപ്പോള്‍ റോഡ് മൊത്തം തകര്‍ന്നത് കൂരിയാട്. മറന്നുപോകരുത്, ഉത്തരവാദിത്തം വേങ്ങര പഞ്ചായത്ത് 23ആം വാര്‍ഡ് മെമ്പര്‍ക്ക് മാത്രം, റീല്‍സിടുന്നവര്‍ക്കും ഫ്‌ലെക്‌സില്‍ വെളുക്കെ ചിരിക്കുന്നവര്‍ക്കുമല്ല”, എന്നാണ് ബല്‍റാമിന്റെ ഒരു പോസ്റ്റ്.
കേന്ദ്ര പദ്ധതികൾ സ്വന്തം പേരിലാക്കി ഫ്ലക്സ് അടിച്ചിറക്കുന്ന റിയാസ് തദ്ദേശ ഭരണ വകുപ്പിൻ്റെ പദ്ധതിയും സ്വന്തം പേരിലാക്കി ഫ്ലക്സടിച്ചു, ആഞ്ഞടിച്ച് MB രാജേഷ്, നിശ്ചയിച്ച ഉദ്ഘാടനത്തിൽ നിന്ന് ജലദോഷം എന്ന് പറഞ്ഞ് പിണറായി പിൻവാങ്ങി എന്ന് വാർത്ത…. മാധ്യമ പ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്റ പോസ്റ്റ്.
ഇത്തരം കളിയാക്കല്‍ പോസ്റ്റുകള്‍ക്ക് ചുട്ട മറുപടി കൊടുക്കാന്‍ ബിജെപിക്കാരും സിപിഎമ്മുകാരും അ ശക്തരായി നില്‍ക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here