SV Motors SV Motors

കാനഡയിൽ കൊല്ലപ്പെട്ട നിജ്ജാർ കൊടും ഭീകരൻ; എന്‍ഐഎ തലയ്ക്ക് ഇട്ടത് 10 ലക്ഷം; ആരാണ് ഹർദീപ് സിംഗ് നിജ്ജാർ?

ന്യൂഡൽഹി : ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തിന് മുൻപ് ഒരിക്കലും ഇല്ലാത്ത വിധം കടുത്ത വിള്ളൽ ഏറ്റിരിക്കുകയാണ്. ശത്രുരാജ്യങ്ങൾ എന്നോണം നയതന്ത്ര പ്രതിനിധികളെ ഇരു രാജ്യങ്ങളും പുറത്താക്കുന്ന സ്ഥിതി വരെ കാര്യങ്ങൾ എത്തി നിൽക്കുകയാണ്. ഖലിസ്ഥാൻ അനുകൂല സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവൻ ഹർദീപ് സിംഗ് നിജ്ജാർ ബ്രിട്ടീഷ് കൊളംബിയയിലെ സുറി പ്രവിശ്യയിൽ വെടിയേറ്റ് മരിച്ചിരുന്നു. ഇതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന തരത്തിൽ കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞതാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം.

രണ്ടു രാജ്യങ്ങളുടെ ബന്ധം ഇത്രമേൽ ഉലയ്ക്കാൻ കഴിവുള്ള ഹർദീപ് സിംഗ് നിജ്ജാർ യഥാർത്ഥത്തിൽ ആരാണ്. എന്‍ഐഎ 10 ലക്ഷം രൂപ തലക്ക് വിലയിട്ട പിടികിട്ടാപ്പുള്ളി. ഇക്കഴിഞ്ഞ ജൂൺ 18നാണ് ഗുരുദ്വാരയുടെ മുന്നിൽവച്ച് മുഖംമൂടി ധരിച്ച രണ്ടുപേർ നിജ്ജാറിനെ വെടിവച്ചു കൊന്നത്. പഞ്ചാബിനെ സ്വതന്ത്ര രാജ്യമാക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് ഖലിസ്ഥാൻവാദികൾ. ഇവരുടെ നേതാവായ നിജ്ജാർ 1997 ൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് കാനഡയിൽ എത്തുന്നത്. പ്ലംബർ ആയി ആദ്യം ജോലി ചെയ്തിരുന്ന ഇയാളെ അഭയാർഥിയായി പ്രഖ്യാപിക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയിരുന്നു. തുടർന്ന് സ്പോൺസർഷിപ്പിനായി കനേഡിയൻ പൗരയെ വിവാഹം ചെയ്തു. എന്നിട്ടും അപേക്ഷ സർക്കാർ തള്ളി.

ആദ്യകാലം മുതലേ വിഘടനവാദ സംഘടനകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 2007ൽ ലുധിയാനയിൽ ആറുപേരുടെ മരണത്തിനിടയായ സ്ഫോടനം, 2009ൽ പട്യാലയിലെ രാഷ്ട്രീയ സിഖ് സൻഗദ് പ്രസിഡന്റ് വധം, വിഘടനവാദ സംഘടനയിലേക്ക് ആളുകളെ ചേർക്കുക പരിശീലിപ്പിക്കുക തുടങ്ങി നിരവധി കേസുകളാണ് ഇന്ത്യയിൽ പോലീസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2020ലാണ് ഭീകരനായി പ്രഖ്യാപിച്ചത്. 2015ലും 2016ലും നിജ്ജാറിനെതിരെ ലുക്ക് ഔട്ട് സർക്കുലറും റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇത്രയൊക്കെ ആയിട്ടും നിജ്ജാറിനെ ഇന്ത്യയ്ക്ക് കൈമാറാൻ കാനഡ തയ്യാറായിട്ടില്ല.

കനേഡിയൻ ജനസംഖ്യയുടെ മൂന്നു ശതമാനം ഇന്ത്യൻ വംശജരാണ്. അതിൽ ഭൂരിഭാഗവും സിഖുകാരും. പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖ് വംശജർ ഉള്ളത് കാനഡയിലാണ്. യുകെ, ഓസ്ട്രേലിയ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഖലിസ്ഥാൻ വിഘടനവാദികൾ ഉണ്ട്. ഇവിടുത്തെ ഇന്ത്യൻ എംബസികളിൽ നിരന്തരമായി ആക്രമണങ്ങൾ നടത്തിയിട്ടുമുണ്ട്. കാനഡ ഒഴികെ മറ്റ് രാജ്യങ്ങൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു. പക്ഷെ കാനഡയുടെ നിലപാട് മറ്റൊന്നാണ്. ഇതിന് പ്രധാന കാരണം സിഖ് വംശജർക്ക് കനേഡിയൻ രാഷ്ട്രീയത്തിൽ ഉൾപ്പെടെ ഉള്ള പിടിപാടാണ്. 19 ഇന്ത്യൻ വംശർ കനേഡിയൻ എം പി സ്ഥാനം വഹിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി സ്ഥാനം വരെ വഹിച്ചിട്ടുമുണ്ട്. ഇതിൽ പണ്ട് മുതൽക്കേ ഇരു രാജ്യങ്ങളും തമ്മിൽ നീരസവുമുണ്ട്.

കൊല്ലപ്പെടുന്നതിന് മുൻപ് നിരന്തരമായി നിജ്ജാറിന് ഭീഷണികൾ വന്നിരുന്നു. മാത്രമല്ല മരണത്തിന് ശേഷം സോഷ്യൽ മീഡിയയിലടക്കം നിജ്ജാറിന്റെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യക്കാർ പോസ്റ്റ് ഇട്ടത്തും കാനഡയെ ചൊടിപ്പിച്ചെന്നാണ് വിവരം. കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഖലിസ്ഥാൻ നേതാവാണ് നിജ്ജാർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top