സതീശൻ്റെയും ഗോവിന്ദൻ്റെയും വിധി നാളെ!! നിലമ്പൂരിൽ അൻവർ കത്തിതീരുമോ എന്നുമറിയാം

കേരളരാഷ്ട്രീയത്തിൽ പലതു കൊണ്ടും നിർണായകമായി മാറിയ ഉപതിരഞ്ഞെടുപ്പിൻ്റെ വിധി നാളെ വരാനിരിക്കെ, പല പ്രധാന നേതാക്കൾക്കും ഇത് ലിറ്റ്മസ് ടെസ്റ്റാകും. മൂന്നാംടേം സ്വപ്നം കാണുന്ന എൽഡിഎഫിനെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ഈ സെമിഫൈനലിൽ വിജയത്തിലേക്ക് നയിക്കാൻ സിപിഎം സെക്രട്ടറിക്ക് കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയാകും. പ്രത്യേകിച്ച് ഗോവിന്ദൻ്റെ ആർഎസ്എസ് ബന്ധം സംബന്ധിച്ച പരാമർശം കടുത്ത തിരിച്ചടിയായ സാഹചര്യത്തിൽ. കോൺഗ്രസ് പാർട്ടി സാധാരണ സ്വീകരിക്കാത്ത വിധത്തിലുളള ഒരു കടുത്ത തീരുമാനത്തിലൂടെ പിവി അൻവറിൻ്റെ സഹായം വേണ്ടെന്ന് വച്ചത് വിഡി സതീശൻ്റെ നിലപാട് കാരണമാണ്. ഇത് സതീശനും റിസ്കാണ്.
അൻവർ ഇട്ടെറിഞ്ഞുപോയ നിലമ്പൂർ സീറ്റ് നിലനിർത്താൻ കഴിഞ്ഞാൽ സിപിഎമ്മിനും എൽഡിഎഫിനും ആത്മവിശ്വാസമാകും. അല്ലെങ്കില്‍ മുന്നണിയില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉയരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഏറ്റവും പ്രധാനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ റോളാകും. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ യന്ത്രംപോലെ പ്രവര്‍ത്തിച്ചുവേണം വീണ്ടും അധികാരത്തിലേക്ക് എത്തേണ്ടത്. 2021ൽ പിണറായിയും കോടിയേരിയും അത്തരമൊരു നീക്കം നടത്തി അതിന് ഫലമുണ്ടായി. എന്നാല്‍ എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായ ശേഷം അത്തരം വിജയം കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ വിജയം എന്നത് അദ്ദേഹത്തിന് നിർണായകമാണ്.
നിലവിൽ ഈ വിജയത്തിന് ആവശ്യക്കാരൻ മുഖ്യമന്ത്രിയേക്കാൾ ആവശ്യം എം.വി.ഗോവിന്ദനായി മാറി. പ്രചാരണത്തിന് മുന്നിൽ നിന്നതിനാലും, സര്‍ക്കാരിൻ്റെ നായകൻ എന്ന നിലയിലും പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായിലാണ് വന്നുചേരേണ്ടത്. എന്നാല്‍ ഗോവിന്ദന്റെ പ്രസ്താവന ഈ സാധ്യതയെ മാറ്റിമറിച്ചു. വലിയ പ്രതീക്ഷയോടെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി മുന്നേറിയപ്പോൾ, പഴയ ആര്‍.എസ്.എസ് ബന്ധം പറഞ്ഞ് അദ്ദേഹം അണികളുടെ ആത്മവിശ്വാസം നശിപ്പിച്ചുവെന്ന വിമര്‍ശനം പാര്‍ട്ടിയിലും മുന്നണിയിലുമുണ്ട്. സി.പി.ഐ അടക്കം ഇതിൽ അതൃപ്തരാണ്. അതുകൊണ്ട് വിപരീതഫലം ഗോവിന്ദനെ സമ്മര്‍ദ്ദത്തിലാക്കും. ഇതിലൂടെ മുഖ്യമന്ത്രിക്ക് മുഖം രക്ഷിക്കാനാകും. തിരുത്തൽനടപടികള്‍ വേണമെന്ന ആവശ്യം മുന്നണിയിൽ ഉയരാം. സെക്രട്ടറിയുടെ പ്രതികരണങ്ങളിൽ നിയന്ത്രണം വേണമെന്ന ആവശ്യവും ശക്തമാകും.
Also Read: അൻവർ പെയ്തൊഴിഞ്ഞു!! നിലമ്പൂരിൽ മത്സരത്തിന് ഇല്ലെന്ന് പ്രഖ്യാപിക്കുമ്പോൾ പകരം മനസിലെന്ത്?
ഇടതുമുന്നണി സമ്മര്‍ദ്ദത്തിലാണെങ്കിലും അതിനൊപ്പം ടെൻഷൻ യു.ഡി.എഫിലുമുണ്ട്. ഇനിയൊന്ന് കൂടി ഭരണത്തിന് പുറത്തിരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് യു.ഡി.എഫിലെ നേതാക്കളും കക്ഷികളും. ലീഗ് അത് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. നിലമ്പൂർ പ്രചാരണം അവസാനിച്ച ദിവസത്തെ വാർത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി ഭംഗ്യന്തരേണ അത് വ്യക്തമാക്കുകയും ചെയ്തു. അടുത്ത സര്‍ക്കാര്‍ ഉണ്ടാക്കാനായി കാത്തിരിക്കുന്ന യു.ഡി.എഫിന് അതുകൊണ്ടുതന്നെ ഏറെ നിര്‍ണ്ണായകമാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഇവിടെ വിജയിച്ചാല്‍ ആ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മുന്നേറാനാകും.
Also Read: 9 രാജി ഒന്നിച്ച് കണ്ട പതിനൊന്നാം നിയമസഭ!! എല്‍എമാരുടെ രാജി ചരിത്രം, കോസല രാമദാസ് മുതൽ അൻവർ വരെ
അതേസമയം പരാജയമാണ് ഫലമെങ്കില്‍ അത് യു.ഡി.എഫിൻ്റെ ആത്മവിശ്വാസത്തിൻ്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നത് ആകാനും സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ്റെ ഉറച്ച നിലപാടുകൾ ചോദ്യംചെയ്യപ്പെടും. അദ്ദേഹത്തിൻ്റെ സ്ഥാനത്യാഗത്തിനായി പോലും ആവശ്യങ്ങൾ ഉയരാം. സതീശനെതിരെ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ പടപ്പുറപ്പാടുണ്ട്. അദ്ദേഹത്തെ കണ്ണടച്ച് പിന്തുണച്ചിരുന്ന കെ.സി. വേണുഗോപാലിനും ഇപ്പോൾ പഴയ മമതയില്ല. രമേശ് ചെന്നിത്തലയുമായുള്ള പഴയ ബന്ധം പുനസ്ഥാപിച്ച് കേരളത്തിൽ തൻ്റെ സ്വാധീനം ഉറപ്പിക്കാനാണ് കെ.സി. ഇപ്പോൾ ശ്രമിക്കുന്നത്. എല്ലാവരുടെയും കണ്ണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലാണ് എന്നതുകൊണ്ട് തന്നെ ഇനി ഇക്കാര്യത്തിലൊന്നും ഒട്ടും അമാന്തമോ വിട്ടുവീഴ്ചയോ വീണ്ടുവിചാരമോ ഉണ്ടാകാനും വഴിയില്ല.
നിലമ്പൂരിൽ തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുന്നതിൽ സതീശന്‍ സ്വീകരിച്ച ചില നിലപാടുകൾ മുന്നണിയിലും ചര്‍ച്ചയായിരിക്കെ, നിലമ്പൂരിൽ പരാജയമാണ് ഉണ്ടാകുന്നത് എങ്കിൽ അത് പൊട്ടിത്തെറിയിലേക്ക് നീങ്ങാം. ഒന്നാമതായി, താരതമ്യേന അനായാസ വിജയം കൊണ്ടുവരാൻ കഴിയുമായിരുന്ന പി.വി.അന്‍വറിനെ തൽക്കാലത്തേക്ക് എങ്കിലും ഒപ്പം നിർത്താൻ കഴിയാതെ പോയതാണ് ചര്‍ച്ചയാകുന്നത്. സതീശന്റെ ആ തീരുമാനത്തിന് മുന്നണിക്കും പാര്‍ട്ടിക്കും പുറത്ത് സ്വീകാര്യത ലഭിച്ചെങ്കിലും മുന്നണിക്കുള്ളില്‍ ആശങ്കയുണ്ട്. രണ്ടാമതായി ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പരസ്യബന്ധം. ഈ രണ്ടു നിലപാടുകളും ഇനി ഇഴകീറ പരിശോധിക്കപ്പെടും.
അതേസമയം വിജയം ആണെങ്കിൽ ഈ തീരുമാനങ്ങള്‍ക്കെല്ലാം അംഗീകാരമാകും. പരാജയം രുചിച്ചാൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ സണ്ണിജോസഫിനും നിര്‍ണ്ണായകമാണ്. എല്ലാത്തിനും ഉപരിയായി യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ഭാവിയുടെ കാര്യത്തിലും ഈ തിരഞ്ഞെടുപ്പു കാലം കരിനിഴൽ വീഴ്ത്തി. നിലമ്പൂർ കൈവിട്ടാൽ രാഹുലും പ്രതിരോധത്തിലാകും. വാഹന പരിശോധന നടത്തി ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത് ലോകം മുഴുവൻ കണ്ടത് യുഡിഎഫിന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. പിവി അൻവറിനെ രാത്രി ഒറ്റക്ക് കാണാൻ പോയത് സതീശന് പോലും തള്ളിപ്പറയേണ്ടി വന്നതാണ്.
ഇതിനേക്കാളെല്ലാം ഉറപ്പായിരിക്കുന്ന കാര്യം, ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഭാവി നിർണയിക്കപ്പെടുന്ന പ്രധാനി പി.വി.അന്‍വറാകും എന്നതാണ്. ഉയർത്തിയ അവകാശവാദങ്ങളുടെ അടുത്തെങ്ങും എത്താനായില്ലെങ്കില്‍ അന്‍വറിൻ്റെ കാര്യം ഗതികേടിലായെന്ന് ഉറപ്പിക്കാം. മാത്രമല്ല, യു.ഡി.എഫ് വിജയിച്ചാലും അന്‍വര്‍ കേരള രാഷ്ട്രീയത്തില്‍ അപ്രത്യക്ഷമാകും. അന്‍വര്‍ തരക്കേടില്ലാത്ത വോട്ടുപിടിക്കുകയും യു.ഡി.എഫ് പരാജയപ്പെടുകയും ചെയ്താല്‍ അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ ഭാഗമായികൊണ്ട് അന്‍വറിന് ഒരങ്കത്തിനുകൂടി ശ്രമിക്കാം. അല്ലെങ്കില്‍ ആ അദ്ധ്യായം ഇവിടെ അവസാനിക്കും. പഴയതുപോലെ ബിസിനസ് പരിപാടികളുമായി വിമാനം കയറാം.
Also Read: വെളിപ്പെടുത്തലിന് ജലീല്‍; പ്രഖ്യാപനത്തെക്കുറിച്ച് സൂചനകളില്ല; സിപിഎമ്മില്‍ ആശങ്ക
ബി.ജെ.പിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയൊന്നും ഇല്ലെങ്കിലും വൈകിയെങ്കിലും നിലമ്പൂരിൽ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ഉള്‍പ്പെടെ സ്വീകരിച്ച തന്ത്രത്തിന് എത്ര സ്വീകാര്യത കിട്ടി എന്നത് ഏറെ പ്രധാനമാകും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ സ്ഥാനം ഏറ്റെടുത്തശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ വോട്ടുനിലയിലെ വര്‍ദ്ധനയിലാണ് അവര്‍ ഉറ്റുനോക്കുന്നതും. ക്രിസ്ത്യൻ വിഭാഗത്തിൻ്റെ വോട്ടുകൾ ബിജെപിയുടെ പെട്ടിയിലാക്കാൻ ഇറങ്ങിത്തിരിച്ചിട്ടുളള കാസ പോലെയുള്ളവരുടെ പിന്തുണ എത്ര ഫലം കാണും എന്നതും നിർണായകമാണ്; ഒരു ക്രിസ്ത്യൻ സ്ഥാനാർഥിയെ തന്നെ ബിജെപി നിർത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here