ലീഗിനെ കൂട്ടുപിടിച്ച് എന്തെങ്കിലും ഉറപ്പ് നേടാന്‍ പിവി അന്‍വര്‍; സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണി; സതീശന്‍ നിലമ്പൂരില്‍

പിവി അന്‍വറിനെ പൂര്‍ണ്ണമായും തള്ളി ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് ശക്തമായ സന്ദേശം നല്‍കിയതോടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് പിവി അന്‍വര്‍. മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസില്‍ നിന്നും ഒരു വിജയം ഉറപ്പുള്ള സീറ്റ് ഉറപ്പിക്കാനാണ് അന്‍വറിന്റെ നീക്കം. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കുന്നതു വരെ നിലമ്പൂരില്‍ ഷൗക്കത്തിനായി രംഗത്തിറങ്ങില്ലെന്ന നിലപാടിലാണ് അന്‍വര്‍. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് സ്ഥാനാര്‍ത്ഥിക്ക് എതിരായി നിരന്തരം പ്രസ്താവനകളുമായി കളം നിറയുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന ഭീഷണിയും ഇടയ്ക്കിടെ ഉന്നയിക്കുന്നുണ്ട്.

ഇന്ന് കുഞ്ഞാലിക്കുട്ടിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അന്‍വറിനെ പിണക്കേണ്ട എന്ന നിലപാടാണ് ലീഗിനുള്ളത്. എന്നാല്‍ അവിടേയും പ്രതിസന്ധിയുള്ളത് മലപ്പുറത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകള്‍ കുറവാണ്. ഭൂരിപക്ഷവും ലീഗിന്റെ കൈയ്യിലാണ്. അന്‍വറിന് ഒരു ഉറപ്പുളള സീറ്റിനായി ലീഗ് തന്നെ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അന്‍വറിനായി അത്തരമൊരു തീരുമാനം ലീഗില്‍ നിന്നും ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

കോണ്‍ഗ്രസ് ഇന്നുവരെ എടുക്കാത്ത കടുത്ത നിലപാടില്‍ തന്നെയാണ്. അന്‍വറിന്റെ ഒരു ഭീഷണിയും കണക്കിലെടുക്കുന്നില്ലെന്ന സന്ദേശമാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആര്യാടന്‍ ഷൗക്കത്തിനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച അന്‍വറിനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസിലെ പുതിയ നേതൃത്വം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് നിലമ്പൂരില്‍ എത്തുന്നുണ്ട്. എന്നാല്‍ അന്‍വറുമായി ചര്‍ച്ചയ്ക്ക് സതീശന്‍ തയാറാകില്ലെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top