എന്‍ജോയ് വിഎസ് ജോയി; അര്‍ഹമായത് നഷ്ടമായിട്ടും പോസ്റ്റര്‍ ഒട്ടിച്ചും ഓടി നടന്നും കോണ്‍ഗ്രസിന് സമ്മാനിച്ചത് മിന്നും വിജയം

നിലമ്പൂരില്‍ അടിമുടി ജെന്റില്‍മാന്‍ സ്പിരിറ്റ് നിലനിര്‍ത്തി വിഎസ് ജോയ്. ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ കോൺഗ്രസിൻ്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഡിസിസി പ്രസിഡന്റ് കൂടിയായ വിഎസ് ജോയിയുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോള്‍ എത്തി നിന്നത് ആര്യാടന്‍ ഷൗക്കത്തില്‍. അതിന് നേതൃത്വത്തിന് മുന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു. മലപ്പുറം പോലൊരു ജില്ലയില്‍ ജോയിക്ക് മത്സരിക്കാന്‍ മറ്റൊരു മണ്ഡലം ഇല്ലായിരുന്നു. ആരും പൊട്ടിത്തെറിക്കാവുന്ന സാഹചര്യം. അവിടെയാണ് വിഎസ് ജോയി എന്ന യുവനേതാവ് വ്യത്യസ്തനായത്.

ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അടുത്ത നിമിഷം ജോയി നടത്തിയ പ്രതികരണം ഏതൊരു പാർട്ടി പ്രവർത്തകനും മാതൃകയാണ്. “പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു. നിലമ്പൂരിലെ വിജയത്തിനായി പ്രവര്‍ത്തിക്കും. ഈ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ഒരു ആയിരം തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചാലും അര വാക്കു കൊണ്ടോ, ഒരു നോക്കു കൊണ്ടോ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന, പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും എൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.” -ഈ പ്രതികരണം നടത്തിയ ശേഷം പിന്നെ കാണുന്നത് ഷൗക്കത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച് പ്രചരണത്തിന് തുടക്കം കുറിക്കുന്ന ജോയിയെ ആണ്.

പിന്നീട് അങ്ങോട്ടുളള ദിവസങ്ങളില്‍ വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു ജോയി. കണ്‍വെന്‍ഷനുകള്‍, കുടുംബ യോഗങ്ങള്‍, പ്രധാന നേതാക്കളുടെ പര്യടനം ഇങ്ങനെ തുടങ്ങി തിരഞ്ഞെടുപ്പിന്റെ എല്ലാം നിയന്ത്രിച്ച് കളം നിറഞ്ഞു. സിപിഎം ശക്തി കേന്ദ്രമായ പോത്തുകല്ലില്‍ ഷൗക്കത്തിന് ലീഡ് ഉറപ്പിക്കുന്ന പ്രവര്‍ത്തനം ഉണ്ടായി. ജോയിയുടെ സ്വന്തം പഞ്ചായത്ത് എന്ന് മാത്രമല്ല, ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പഞ്ചായത്തു കൂടിയാണിത്. പരാജയത്തിനിടയിലും സ്വരാജിന് വലിയ നാണക്കേടായത് സ്വന്തം പഞ്ചായത്തിലെ ഈ തിരിച്ചടിയാണ്.

നിലമ്പൂരിനും ജോയിയുടെ പ്രവര്‍ത്തനം പുതിയ കാഴ്ചയായിരുന്നു. പരസ്പരം ആശ്ലേഷിച്ച് ഉമ്മ വയ്ക്കുന്ന ഷൗക്കത്തിനേയും ജോയിയെയും ആണ് ഇന്ന് കേരളം കണ്ടത്. അഭിമാനം കാത്ത വിജയം കൊണ്ട് പാർട്ടിക്കാരുടെയാകെ ആത്മവിശ്വാസം ഏറ്റിയ ശേഷമാണിത് എന്നതാണ് പതിവ് ഫോട്ടോ ഷൂട്ടുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിലും, തോറ്റാലും പാര്‍ട്ടിയെ തെറി പറയുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിലുള്ളത്. അതില്‍ വലിയ ആശ്വാസമാണ് നിലമ്പൂരിലെ ഈ ജോയി മോഡല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top