മദനിയും പിഡിപിയും എംവി ഗോവിന്ദന് പീഡിത വിഭാഗം; പി ജയരാജന് തീവ്രവാദത്തിന്റെ അംബാസിഡര്‍; സിപിഎമ്മിന്റെ വല്ലാത്ത വര്‍ഗീയ വിരുദ്ധത

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസിനാണ് എന്ന പ്രഖ്യാപനം വന്നതോടെ സിപിഎം വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. വര്‍ഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറി എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചത്. തീവ്രവാദക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ പിഡിപിയുടെ പിന്തുണ എം സ്വരാജിനായി ഉറപ്പാക്കിയിട്ടാണ് ഇപ്പോഴത്തെ വര്‍ഗീയ വിരുദ്ധ നിലപാട് സിപിഎം പറയുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചതും സിപിഎം മറന്നിരിക്കുകയാണ്.

പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ അല്ലെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് ഉള്ളവരാണ് ജമാ അത്തെ ഇസ്ലാമി. ആ നിലപാട് അല്ല പിഡിപി എടുക്കുന്നത്. പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ് പിഡിപി എന്നും ഗോവിന്ദന്‍ പറയുന്നു. പിഡിപിയെ ന്യായീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ വര്‍ഗീയവാദികളാക്കിയുമാണ് സംസ്ഥാന സെക്രട്ടറി നിലപാട് എടുക്കുന്നത്.

എംവി ഗോവിന്ദന്‍ ഈ നിലപാടിലാണെങ്കിലും സിപിഎമ്മില്‍ എല്ലാവര്‍ക്കും പിഡിപിയുടേയും മദനിയുടേയും കാര്യത്തില്‍ യോജിപ്പില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറങ്ങിയ സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ടീയ ഇസ്ലാം’ എന്ന പുസ്തകത്തില്‍ മദനിക്ക് തീവ്രവാദത്തിന്റെ അംബാസിഡര്‍ എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ മദനിയുമൊത്ത് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് പൊന്നാനിയില്‍ പിണറായി വിജയന്‍ വേദി പങ്കിട്ടിരുന്നു. മദനിയുമൊത്ത് വേദി പങ്കിട്ടതിനെതിരെ അന്ന് വിഎസ് അച്യുതാനന്ദന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അതിനോട് ചേര്‍ന്നുപോകുന്ന നിലപാടാണ് പി ജയരാജന്‍ പ്രകടിപ്പിച്ചത്.

ALSO READ :‘ഹിന്ദു ഭരണത്തിൽ മുസ്ലീങ്ങൾക്ക് ജീവിക്കാൻ കഴിയില്ല’; ലീഗ് നേതാവ് സീതി സാഹിബിൻ്റെ പ്രസംഗം ഉദ്ധരിച്ച് പി ജയരാജൻ; ഞെട്ടിക്കും വെളിപ്പെടുത്തൽ

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം സംസ്ഥാനത്തുടനീളം മദനി നടത്തിയ പ്രസംഗങ്ങളാണ് ഇസ്ലാം മതവിശ്വാസികളായ ചെറുപ്പക്കാരില്‍ കടുത്ത തീവ്രചിന്തകള്‍ വളരാന്‍ ഇടയാക്കിയത്. വൈകാരിക പ്രസംഗങ്ങളിലൂടെ യുവാക്കളില്‍ കടുത്ത അന്യമത വിദ്വേഷവും തീവ്രചിന്താഗതികളും പടര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ജയരാജന്‍ എഴുതിയിരിക്കുന്നത്. രാഷ്ടീയ സ്വയം സേവക് സംഘിന്റ (ആര്‍എസ്എസ്) മാതൃകയില്‍ മദനി ഇസ്‌ളാമിക് സേവക് സംഘിന് (ഐഎസ്എസ് ) രൂപം കൊടുക്കുകയും അവര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. അക്കാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നടത്തിയ പ്രകടനത്തോട് അനുബന്ധിച്ച് മദനി നടത്തിയ പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നു എന്നും ജയരാജന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ALSO READ : സിപിഎം -ജമാഅത്തെ ഇസ്ലാമി ബന്ധം മിണ്ടാതെ പി.ജയരാജൻ്റെ പുസ്തകം; വോട്ടിനായി പാലമിട്ടെന്ന് ലീഗിന് വിമർശനം; ദേശാഭിമാനിയുടെ പ്രശംസയിലും മിണ്ടാട്ടമില്ല

പില്‍ക്കാലത്ത് തെക്കേ ഇന്‍ഡ്യയിലെ ഒട്ടേറെ തീവ്രവാദക്കേസുകളില്‍ പ്രതിയായ തടിയന്റവിട നസീര്‍, മദനിയുടെ വൈകാരിക പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് തീവ്രവാദത്തിലേക്ക് വന്നതെന്ന് പോലീസ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ജയരാജന്‍ വിവരിക്കുന്നുണ്ട്. നിലവില്‍ മദനി പ്രതിയായ ബെംഗളൂരുവിലെ കേസുകളില്‍ തടിയന്റവിട നസീര്‍ അടക്കം ഒട്ടേറെ മലയാളികള്‍ പ്രതികളാണ്. അതേസമയം 2007ല്‍ ജയിലില്‍ നിന്ന് മോചിതനായ ശേഷം മദനിയുടെ തീവ്രവാദ നിലപാടുകളില്‍ ഒരുപാട് മാറ്റം വന്നതായും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. ആ വേദിയില്‍ തന്നെ മുഖ്യമന്ത്രി പുസ്തകത്തോടുള്ള വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top