സോഷ്യല്‍ മീഡിയയില്‍ തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിക്കുന്നു; നിമിഷപ്രിയയുടെ മോചന ചര്‍ച്ചയില്‍ വലിയ പ്രതിസന്ധി; മനുഷ്യത്വം മരവിച്ച മലയാളികള്‍

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചന ചര്‍ച്ചകളില്‍ വലിയ പ്രതിസന്ധി. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രകോപിപ്പിക്കുന്ന ചില നീക്കങ്ങളാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ദയാധനം സ്വീകരിക്കുന്നതില്‍ കുടുംബത്തിലെ പലരും എതിര്‍പ്പ് ഉന്നയിക്കുന്ന സമയത്താണ് ഈ പ്രകോപനവും. അത് നടത്തുന്നതാകട്ടെ ഭൂരിഭാഗവും മലയാളികളാണ്.
വധശിക്ഷ നടപ്പിലാക്കിയാല്‍ മാത്രമേ തങ്ങള്‍ക്ക് നീതി കിട്ടൂ എന്ന് കടുത്ത നിലപാടിലുള്ള കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ്ബുക്കില്‍ നിറയെ മലയാളികളുടെ പ്രകോപനപരമായ കമന്റുകളാണ്. സഹോദരനെ കൊന്നയാളോട് ക്ഷമിക്കേണ്ട എന്നാണ്, പല വ്യാജ അക്കൗണ്ടുകളില്‍ നിന്നായി പറയുന്നത്. നിമിഷപ്രിയയോട് ക്ഷമിച്ച് കൂടേ എന്ന കമൻ്റ് ഇടുന്നവരെ ആക്രമിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനല്ല ശിക്ഷ ഒരു യുവാവിനെ കൊന്ന് കൊത്തി നുറുക്കിയതിനാണ് എന്നും എഴുതി വിടുന്നുണ്ട്. ആ രാക്ഷസിക്ക് വധശിക്ഷ ലഭിക്കുന്നതുവരെ നിങ്ങള്‍ പോരാടണം എന്നു വരെ ഉപദേശിക്കുന്നവരുമുണ്ട്.

മലയാളികള്‍ മനുഷ്യത്വമില്ലാതെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ യെമനില്‍ നടക്കുന്ന ചര്‍ച്ചകളെ പൂര്‍ണമായും പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ ഓഫിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദയാധനത്തിന് പ്രാധാന്യം നല്‍കി ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ ആദ്യം മുതലേ തലാലിന്റെ കുടുംബം അസ്വസ്ഥരായിരുന്നു.
കാന്തപുരത്തിന്റെ ആവശ്യപ്രകാരം മോചനത്തിനായി ഇടപെട്ട സൂഫി ഗുരു ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ അവഹേളിച്ചുള്ള ചില വാര്‍ത്തകള്‍ യെമനില്‍ പ്രചരിക്കുന്നുണ്ട്. തലാലിന്റെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരുവിനെ കൂടി മോശമാക്കിയുള്ള പ്രചരണത്തോടെയാണ് എല്ലാ ചര്‍ച്ചകളും പ്രതിസന്ധിയിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here