നിമിഷപ്രിയയുടെ മോചനം തടയാന്‍ ചിലര്‍ ശ്രമിക്കുന്നു; ഹേറ്റ് ക്യാംപയിന് മലയാളികളുടെ നേതൃത്വം; ഡിജിപിക്ക് പരാതി

നിമിഷപ്രിയയുടെ മോചനത്തിന് എതിരായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണത്തിന് എതിരെ ഡിജിപിക്ക് പരാതി. ആർജെഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂരാണ് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രകോപിപ്പിക്കുന്ന നീക്കങ്ങളാണ് നടക്കുന്നതെന്നും അത് തടയാന്‍ നടപടി സ്വീകരിക്കണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മോചനത്തിനായി ശ്രമിക്കുന്ന അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരെ അടക്കം അപമാനിക്കുകയാണ്.
കാന്തപുരത്തിന്റെ ആവശ്യപ്രകാരം മോചനത്തിനായി ഇടപെട്ട സൂഫി ഗുരു ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ അവഹേളിക്കുകയും ചെയ്യുന്നുണ്ട്. ദയാധനം സ്വീകരിക്കുന്നതില്‍ അവരുടെ കുടുംബത്തിൽ പലരും എതിര്‍പ്പ് ഉന്നയിക്കുന്ന സമയത്താണ് ഈ പ്രകോപനവും.

ALSO READ : സോഷ്യല്‍ മീഡിയയില്‍ തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിക്കുന്നു; നിമിഷപ്രിയയുടെ മോചന ചര്‍ച്ചയില്‍ വലിയ പ്രതിസന്ധി; മനുഷ്യത്വം മരവിച്ച മലയാളികള്‍

ദയാധനത്തിന് പ്രാധാന്യം നല്‍കിയുള്ള മാധ്യമ വാര്‍ത്തകളില്‍ ആദ്യം മുതലേ തലാലിന്റെ കുടുംബം അസ്വസ്ഥരായിരുന്നു. ഇതുകൂടാതെയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫെയ്സ്ബുക്കില്‍ മലയാളികളുടെ പ്രകോപനപരമായ കമന്റുകളും നിറയുന്നത്. സഹോദരനെ കൊന്നയാളോട് ക്ഷമിക്കേണ്ട എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. നിമിഷപ്രിയയെ വെറുതെ വിടരുതെന്ന് അവരെ ഉപദേശിക്കുക പോലും ചെയ്യുകയാണ് ചിലർ.

ഫെയ്സ്ബുക്കിൽ കമൻ്റുകൾക്ക് ട്രാൻസ്ലേഷൻ സൌകര്യം ഉള്ളതിനാൽ ഇതെല്ലാം യെമൻ കുടുംബത്തിൽ എല്ലാവർക്കും വായിക്കാനും കഴിയും. ഇതാണ് അവർക്ക് പ്രകോപനം ആകുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം പ്രചരണം അവസാനിപ്പിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമന്റുകളില്‍ അധികവും വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് നടപടി എന്ന ആലോചനയിലാണ് പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top