നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ പുതിയ മധ്യസ്ഥൻ’; പേര് വെളിപ്പെടുത്താതെ കേന്ദ്ര സർക്കാർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾക്കായി പുതിയ മധ്യസ്ഥൻ. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായി മധ്യസ്ഥൻ വഴി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ പുതിയ മധ്യസ്ഥൻ ആരാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കിയില്ല.

കൊല്ലപ്പെട്ട യമനി പൗരനായ തലാൽ അബ്ദുൽ മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരുകയും നിമിഷപ്രിയക്ക് മാപ്പ് നൽകാനുള്ള ധാരണയിൽ എത്തുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഈ ധാരണ കോടതിയിലെത്തുകയും വധശിക്ഷ റദ്ദാക്കുകയുമാണ് ഇനി നടക്കാനുള്ള നിർണായക നീക്കം. എന്നാൽ, മധ്യസ്ഥ ചർച്ചകളോട് മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് വിയോജിപ്പ് അറിയിച്ചിരിക്കുന്നതാണ് പ്രധാന വെല്ലുവിളി. വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് സഹോദരൻ നിരന്തരം കത്തുകൾ അയക്കുന്നുമുണ്ട്.

Also Read : കാന്തപുരത്തിന്റെ പ്രതിനിധികളെ വിലക്കി കേന്ദ്രസർക്കാർ; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ

യമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയ, 2017-ൽ യമൻ പൗരനായ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.

നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ നൽകിയ ഹർജി സുപ്രീം കോടതി ജനുവരിയിൽ വീണ്ടും പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. ഇസ്ലാമിക നിയമപ്രകാരം, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു നിശ്ചിത തുക നൽകി വധശിക്ഷയിൽ നിന്ന് പ്രതിക്ക് ഇളവ് നേടാൻ സാധിക്കും. മഹ്ദിയുടെ കുടുംബം മാപ്പുനൽകാൻ തയ്യാറായാൽ മാത്രമേ നിമിഷപ്രിയക്ക് വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കു.

Also Read : കാന്തപുരത്തെ തള്ളി തലാലിൻ്റെ സഹോദരൻ; നിമിഷപ്രിയയുടെ മോചനം സങ്കീർണ്ണമാകുമോ?

യമനിലെ മത നേതാക്കളുമായി ബന്ധമുള്ള കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ പ്രതിനിധികൾ അടങ്ങുന്ന സംഘത്തെ യമനിലേക്ക് അയക്കണം എന്ന ആക്ഷൻ കൗൺസിലിന്റെ ആവശ്യവും കേന്ദ്ര സർക്കാര്‍ മുന്നേ തന്നെ തള്ളിയിരുന്നു. ചർച്ച കുടുംബങ്ങൾക്കിടയിലാണ് നടക്കുന്നതെന്നായിരുന്നു കേന്ദ്ര സർക്കാറിന്‍റെ വാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top