നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തെ പറ്റി മിണ്ടാതെ കേന്ദ്രം; മധ്യസ്‌ഥസംഘം വേണമെന്ന് ആക്‌ഷൻ കൗൺസിൽ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഭൂരിപക്ഷം വരുന്ന മലയാളികൾ. വധശിക്ഷ നീട്ടിവച്ച കാര്യം കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താനുള്ള അവകാശം കുടുംബത്തിനും പവർ ഓഫ് അറ്റോർണിക്കുമായിരിക്കുമെന്നും ഏതെങ്കിലും ഒരു സംഘടനാ ചർച്ച നടത്തിയാൽ പ്രശ്നത്തിൽ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച കാര്യവും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.
മോചനം സാധ്യമാകണമെങ്കിൽ കൊല്ലപ്പെട്ട യെമെൻ പൗരൻ തലാലിന്റെ കുടുംബം നിമിഷപ്രിയയ്ക്ക് മാപ്പ് നൽകണമെന്ന് സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി. ഇതിനായി തലാലിൻ്റെ കുടുംബവുമായി ചർച്ച നടത്തുന്നതിന് ഒരു മധ്യസ്ഥ സംഘത്തിന് യെമെനിൽ പോകാനുള്ള അനുമതി നൽകണമെന്ന് കേന്ദ്രത്തോട് നിർദേശിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.
Also Read : നിമിഷപ്രിയയുടെ മോചനം തടയാന്‍ ചിലര്‍ ശ്രമിക്കുന്നു; ഹേറ്റ് ക്യാംപയിന് മലയാളികളുടെ നേതൃത്വം; ഡിജിപിക്ക് പരാതി
കൊല്ലപ്പെട്ടയാളിൻ്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദയാധന ചർച്ചകൾ നടത്തുന്നതിനുമായി 6 അംഗ നയതന്ത്ര-മധ്യസ്‌ഥ സംഘത്തെ നിയോഗിക്കണമെന്നുമാണ് ആക്‌ഷൻ കൗൺസിലിന്റെ ആവശ്യം. ഇതിൽ രണ്ടുപേർ ആക്‌ഷൻ കൗൺസിൽ പ്രതിനിധികളും രണ്ടുപേർ നിലവിൽ ചർച്ചകൾ നടത്തുന്ന കാന്തപുരം അബുബക്കർ മുസല്യാരുടെ പ്രതിനിധികളും രണ്ടു പേർ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്‌ഥരും ആകണമെന്നാണു നിർദേശം.
ആക്‌ഷൻ കൗൺസിൽ പ്രതിനിധികളായി അഡ്വ. സുഭാഷ് ചന്ദ്രൻ, കൗൺസിൽ ട്രഷറർ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മർകസ് പ്രതിനിധികളായി അഡ്വ. ഹുസൈൻ സഖാഫി, യെമൻ ബന്ധമുള്ള ഹാമിദ് എന്നിവരെയും നയതന്ത്ര സംഘത്തിൽ ഉൾപെടുത്തണമെന്നുമാണ് ആവശ്യം.
നിമിഷപ്രിയയുടെ അമ്മനിലവിൽ യെമെനിൽ ഉണ്ടെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. പക്ഷെ അമ്മയ്ക്ക് ചർച്ചകൾ നടത്താനുള്ള പ്രാപ്തിയില്ലെനന്നായിരുന്നു ആക്ഷൻ കൗൺസിലിന്റെ മറുവാദം. നിമിഷപ്രിയയുടെ അമ്മയെ സഹായിക്കാനായി ഒരു പവർ ഓഫ് അറ്റോർണി ഉണ്ടെന്ന് അറ്റോർണി ജനറൽ പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി വെച്ചതിൽ കേന്ദ്ര സർക്കാരിനോട് നന്ദിയുണ്ടെന്ന് സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടി വെച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് പുറമെ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ പങ്കും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ വക്കീൽ കോടതിയിൽ വ്യക്തമാക്കി. മൂന്ന് തവണ കാന്തപുരത്തിൻ്റെ പങ്ക് സീനിയർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും അതേക്കുറിച്ച് അറ്റോർണി ജനറൽ ആ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. ചർച്ചകൾ നടന്ന് വരികയാണെന്ന് മാത്രമാണ് അറ്റോർണി ജനറൽ വ്യക്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here