‘നിപയെ തുടച്ചുമാറ്റിയ’ അത്ഭുത രോഗശാന്തിക്കാരൻ ഫാ. നായ്ക്കംപറമ്പിലിനെ തേടി സോഷ്യൽ മീഡിയ!! വളാഞ്ചേരിയിൽ നിപ ബാധിച്ച 42കാരി ചികിൽസയിൽ

മലപ്പുറം വളാഞ്ചേരി നഗരസഭാ പരിധിയിൽ നിപ (Nipah virus) രോഗബാധ വീണ്ടും സ്ഥിരീകരിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 42കാരിയായ രോഗി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെയാണ് താൻ പ്രാർത്ഥിച്ചാണ് നിപയെ ഓടിച്ചത് എന്ന് അവകാശപ്പെട്ട ഫാദര്‍ മാത്യൂ നായ്ക്കംപറമ്പിലിനെ സോഷ്യൽ മീഡിയയിൽ പലരും തിരയാൻ തുടങ്ങിയത്.

2018 മെയ് 19നാണ് കേരളത്തെ ഞെട്ടിച്ച നിപ വൈറസ് രോഗബാധ കോഴിക്കോട് ജില്ലയിൽ ആദ്യമായി സ്ഥിരീകരിച്ചത്. 2018 ജൂണ്‍ 1വരെ നിപ മൂലം 17 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 18 പേര്‍ക്ക് രോഗ ബാധയും ഉണ്ടായി. സംസ്ഥാനത്ത് 2018- 24 വരെയുള്ള കാലയളവില്‍ പലവട്ടം വന്നുപോയ നിപ മൂലം 21പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

നിപ പരിഭ്രാന്തി ഏറെക്കുറെ ഒഴിഞ്ഞ സമയത്ത്, ഏതാണ്ട് അഞ്ചുവർഷം മുൻപാണ് താന്‍ രോഗം സമ്പൂര്‍ണമായി തുടച്ചുമാറ്റിയെന്ന അവകാശവാദവുമായി ഫാദർ നായ്ക്കംപറമ്പില്‍ വീഡിയോ പുറത്തിറക്കിയത്. ഈ വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഒപ്പം അത്ഭുത രോഗശാന്തിക്കാരന്‍ എവിടെ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ചാലക്കുടി പോട്ടയിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ സ്ഥാപകനും അവിടുത്തെ പ്രധാന ധ്യാനഗുരുവും ആണ് ഫാദർ മാത്യു നായ്ക്കംപറമ്പിൽ എന്ന ഈ കത്തോലിക്കാ വൈദികൻ. കേരളത്തെ നടുക്കിയ നിപ്പ വൈറസ് ബാധയെ എങ്ങനെ താന്‍ ഇല്ലാതാക്കി എന്ന് അത്ഭുത രോഗശാന്തിക്കാരന്‍ അന്ന് വിശദീകരിച്ചത് ഇങ്ങനെയാണ്.

“കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയില്‍ എട്ടുപേര്‍ക്കൊപ്പം കുർബാന അര്‍പ്പിക്കുമ്പോൾ കര്‍ത്താവ് സന്ദേശം നല്‍കി. നിപ വൈറസിനെ വിശുദ്ധ കുര്‍ബാനയിലേക്ക് സമര്‍പ്പിക്കുക. താന്‍ അതുപ്രകാരം ചെയ്തു. രണ്ടാം ദിവസവും അതേ സന്ദേശം കിട്ടി. അതുപോലെ ചെയ്തു. ആളുകളെക്കൊണ്ട് സ്തുതിപ്പിക്കുകയും ചെയ്തു. അതിന് ശേഷം കേരളത്തില്‍ നിന്ന് നിപ്പ വൈറസ് എന്ന പേരു പോലും കേട്ടിട്ടില്ല”.

“ശാസ്ത്രജ്ഞന്മാർ എന്തെങ്കിലും ചെയ്തതുകൊണ്ടല്ല, നിപ്പ വൈറസ് അപ്രത്യക്ഷമായത്. വിശുദ്ധ കുര്‍ബാനയുടെ ശക്തിയാല്‍, ഈശോയുടെ വിശുദ്ധ നാമത്തിന്റെ ശക്തിയാൽ ആണ് നിപ്പ വൈറസ് അപ്രത്യക്ഷമായത് ” -ആളുകളുടെ മുന്നിൽ സ്വയം അപഹാസ്യനാകുമെന്നും, ഒരു സഭയും അതിലെ വിശ്വാസികളും പരിഹാസ പാത്രങ്ങളാകും എന്നുപോലും ചിന്തിക്കാൻ ശേഷിയില്ലാത്ത ഈ കത്തോലിക്കാ വൈദികൻ്റെ തൊലിക്കട്ടിയാണ് വിശ്വാസികളെ പോലും അതിശയിപ്പിച്ചത്.

തുടച്ചുമാറ്റിയെന്ന് ധ്യാനഗുരു അവകാശപ്പെട്ട നിപ വൈറസ് വര്‍ഷാവര്‍ഷം കേരളത്തില്‍ വരുന്ന കാഴ്ചയാണ് അതിനു ശേഷവും കാണുന്നത്. കേരളത്തിൽ വിദ്യാഭ്യാസം സാർവത്രികമാകുന്നതിൽ കത്തോലിക്കാ സഭ വഹിച്ച പങ്ക് വലുതാണ്. അതേ സഭയിലെ ഒരു മുതിർന്ന വൈദികനാണ് അടിസ്ഥാന വിദ്യാഭ്യാസം എങ്കിലുമുള്ള ഒരാളും വിശ്വസിക്കാത്ത മട്ടിലുള്ള ഇത്തരം പ്രചാരണവുമായി പൊതുസമൂഹത്തിൽ ഇറങ്ങി നടക്കുന്നത്. തരിമ്പും ശാസ്ത്രബോധം ഇല്ലാത്ത വാചകമടിച്ച് സാധാരണ മനുഷ്യരുടെ സാമാന്യ ബുദ്ധിയെയും യുക്തിയെയും കൂടിയാണിവർ ചോദ്യംചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top