നിപ ആശങ്കയേറുന്നു; സമ്പർക്കപട്ടികയിലുള്ള സ്ത്രീ മരിച്ചു; സംസ്കാരം ആരോഗ്യ വകുപ്പ് തടഞ്ഞു

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ആശങ്ക ഉണർത്തുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിപ സമ്പർക്കപട്ടികയിലുള്ള മലപ്പുറം കോട്ടക്കൽ സ്വദേശിനി മരണപ്പെട്ടു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന സ്ത്രീയാണ് മരണപ്പെട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലായിരുന്നു.
രോഗബാധിതയായി മരിച്ച സ്ത്രീയുടെ മൃതശരീരം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ നീക്കം ആരോഗ്യ വകുപ്പ് അധികൃതർ തടഞ്ഞു. നിപ പരിശോധനാ ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. മലപ്പുറം ജില്ലയിൽ നിപ ബാധിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. പ്രദേശത്ത് 12 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ അഞ്ചു പേർ ഐ.സി.യുവിലാണ്.
Also Read : നിപയില്‍ 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്; ആശ്വാസം; എന്നാല്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല
നിലവിൽ ആകെ 383 പേരാണ് നിപ സമ്പർക്കപ്പട്ടികയിൽ ഉള്ളത്. മലപ്പുറം ജില്ലയിൽ നിപ ബാധിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 241 പേരും പാലക്കാട് നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 142 പേരും നിരീക്ഷണത്തിലാണ്. ആകെ സമ്പർക്ക പട്ടികയിലുള്ളവരിൽ 94 പേർ കോഴിക്കോട് ജില്ലയിലും രണ്ടുപേർ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here