നിപ ബാധിച്ച് മരിച്ചയാളുടെ യാത്രകൾ കെഎസ്ആർടിസി ബസ്സിൽ; സമ്പർക്കപ്പട്ടിക നീളുന്നു..

പാലക്കാട് നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ സമ്പർക്കപ്പട്ടികയിൽ പ്രതീക്ഷിച്ചതിലും ഏറെ ആളുകൾ. കൂടുതലും കെഎസ്ആർടിസി ബസ്സിലാണ് വയോധികൻ യാത്ര ചെയ്തത്. നിലവിൽ 46 പേരെയാണ് ആരോഗ്യ വകുപ്പ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മരിച്ചയാളുടെ ഭാര്യയും മക്കളും പേരക്കുട്ടികളും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്. പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ, ഇവിടെ എത്തുന്നതിനുമുമ്പ് തന്നെ ഇദ്ദേഹം മൂന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അതുകൊണ്ടുതന്നെ സമ്പർക്ക പട്ടിക നീളുകയാണ്. മരിച്ചയാളുടെ ബന്ധുക്കളിൽ രണ്ടുപേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടിരുന്നു. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
കർശന ജാഗ്രത നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. പ്രത്യേകിച്ചും, പാലക്കാട്, മലപ്പുറം ജില്ലകളിൽ അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കൂടാതെ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഈ ദിവസങ്ങളിൽ സന്ദർശിക്കുന്നതും പരമാവധി ഒഴിവാക്കേണ്ടതാണ്. സഹായിയായി രോഗികളോടൊപ്പം ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ . ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യ പ്രവർത്തകരും മാസ്ക് നിർബന്ധമായും ധരിക്കണം എന്നും അറിയിച്ചിട്ടുണ്ട്..
അതേസമയം,പാലക്കാട് ജില്ലയിലെ ചില മേഖലകൾ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട് . ഈ സോണുകളില്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടുള്ളതല്ല. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറ് മണിവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളൂ. എന്നാൽ, ഈ നിയന്ത്രണം മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,അംഗനവാടികള്‍, മദ്രസകള്‍, ഒന്നും പ്രവർത്തിപ്പിക്കാൻ പാടില്ല. കൂടാതെ പുറത്തു നിന്ന് വരുന്നവർക്കും കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പൊലീസിനേയും ആരോഗ്യവകുപ്പിനെയും അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here