ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾ? വ്യക്തതയില്ലാതെ മലയാള മനോരമ!! നീതി ആയോഗ് യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരുടെ എണ്ണത്തിൽ എല്ലാം പിഴച്ചു

മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സർക്കാരിനും ഒരുപണി കൊടുക്കാനുള്ള തിരക്കിൽ മലയാള മനോരമ ഒന്നാന്തരം സെൽഫ് ഗോളടിച്ചു. “ഇന്നലെ ഡൽഹിയിൽ ചേർന്ന നീതി ആയോഗിൻ്റെ ഗവേണിങ് കൗൺസിൽ യോഗത്തിൽ തുടർച്ചയായി രണ്ടാം തവണയും കേരളം പങ്കെടുത്തില്ല. 31 മുഖ്യമന്ത്രിമാർ പങ്കെടുത്തു”, എന്നാണ് ഇന്നത്തെ മലയാള മനോരമ ഒന്നാം പേജ് വാർത്തയിൽ പറയുന്നത്. തൊട്ടടുത്ത വാചകത്തിൽ, “കേരളത്തിന് പുറമെ കർണാടക, പുതുച്ചേരി, ബീഹാർ, ബംഗാൾ മുഖ്യമന്ത്രിമാരാണ് പങ്കെടുക്കാതിരുന്നത്”, എന്നും പറയുന്നു. ഇതാണ് കണക്കെങ്കിൽ ഇന്ത്യാ മഹാരാജ്യത്ത് ആകെ എത്ര സംസ്ഥാനങ്ങളുണ്ട് എന്നാകും ഉയരുന്ന ചോദ്യം.

“നീതി ആയോഗ് ഗവേണിങ് കൗൺസിൽ; ഇത്തവണയും കേരളം പങ്കെടുത്തില്ല” എന്ന തലക്കെട്ടിൽ മനോരമ ലേഖകൻ എഴുതിയ വാർത്തയിലും തലക്കെട്ടിലും എടുത്തു പറയുന്നത് കൗൺസിൽ യോഗത്തിൽ 31 മുഖ്യമന്ത്രിമാർ പങ്കെടുത്തു എന്നാണ്. 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്ള ഇന്ത്യയിൽ 31 മുഖ്യമന്ത്രിമാർ ഉണ്ട് എന്നത് ശരിതന്നെ. കേന്ദ്രഭരണത്തിലുള്ള ഡൽഹിയും ജമ്മുവും അടക്കം മൂന്നിടത്ത് മുഖ്യമന്ത്രിമാരെ കൂടി ചേർത്തുള്ള കണക്കാണിത്. എന്നാൽ കേരളവും ബംഗാളും അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിന് എത്തിയില്ല എന്നും ഇതേ വാർത്തയിൽ പറയുമ്പോഴാണ് മനോരമയുടെ കണക്കാകെ പാളുന്നത്.

Also Read: പത്രത്തെയേ വിശ്വസിക്കാവൂവെന്ന മനോരമ വെളിപാട് ഏറെക്കുറെ ശരിവച്ച് ജനം… റേറ്റിങ്ങിൽ കൂപ്പുകുത്തി മനോരമ ചാനൽ; കിതച്ച് ഓൺലൈനും

കേന്ദ്ര സർക്കാരിന് കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (Press Information Bureau- PIB) നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തെക്കുറിച്ച് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ 24 സംസ്ഥാനങ്ങളെ പ്രതിനിധികരിച്ച് മുഖ്യമന്ത്രിമാരും, ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ലഫ്. ഗവർണർമാരും പങ്കെടുത്തു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ആകെ 31 ഭരണ കർത്താക്കൾ യോഗത്തിൽ പങ്കെടുത്തു എന്ന് ഉറപ്പിക്കാം. എണ്ണം ശരിയാണെന്ന് വാദിക്കാമെങ്കിലും 31 മുഖ്യമന്ത്രിമാർ എന്ന് മനോരമ പറയുന്നിടത്താണ് വല്ലാതെ പിഴച്ചത്.

Also Read: പത്രങ്ങളുടെ സഹായം വേണ്ടെന്ന് മലയാള സിനിമ!! എംപുരാൻ്റെ വിജയം നിർമാതാക്കൾക്ക് ധൈര്യം നൽകി; പത്രപരസ്യത്തിൽ ട്രെൻഡ് സൃഷ്ടിച്ച് ‘തുടരും’

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top