ബിജെപിയിൽ തലമുറമാറ്റം; ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനായി നിതിൻ നബീൻ; ലക്ഷ്യം 2029

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. ജെ.പി. നദ്ദയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് 45-കാരനായ നിതിൻ നബീൻ ഈ പദവിയിലെത്തുന്നത്.
ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനാണ് നിതിൻ നബീൻ. 1980 മെയ് 23-ന് ജനിച്ച അദ്ദേഹം യുവജന സംഘടനയായ യുവമോർച്ചയുടെ ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ബിഹാർ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം അഞ്ച് തവണ എംഎൽഎയായും നിതീഷ് കുമാർ മന്ത്രിസഭയിൽ വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം മികച്ചൊരു ഭരണാധികാരി കൂടിയാണെന്ന് തെളിയിച്ചു.
Also Read : ലോകത്തിലെ ഏറ്റവും വലിയ പാർട്ടി ബിജെപി; 14 കോടി അംഗങ്ങൾ; മോദിയെ പുകഴ്ത്തിയും RSSനെ പരാമർശിക്കാതെയും ജെപി നദ്ദ
ബിഹാറിലെ അറിയപ്പെടുന്ന ബിജെപി നേതാവായിരുന്ന പരേതനായ നബീൻ കിഷോർ പ്രസാദ് സിൻഹയാണ് അദ്ദേഹത്തിന്റെ പിതാവ്. ബിഹാറിലെ പട്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹം കായസ്ഥ സമുദായത്തിലെ ചിത്രഗുപ്തവംശി ഉപവിഭാഗത്തിൽ പെടുന്നു. ബിഹാറിലെ രാഷ്ട്രീയത്തിലും ഭരണതലത്തിലും നിർണ്ണായക സ്വാധീനമുള്ള മുന്നോക്ക വിഭാഗമാണ് കായസ്ഥർ.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുക എന്ന വലിയ ദൗത്യമാണ് നിതിൻ നബീന് മുന്നിലുള്ളത്. കേരളം, തമിഴ്‌നാട്, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക എന്നതും അദ്ദേഹത്തിന്റെ പ്രധാന കടമയാണ്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചത്തീസ്ഗഢിൽ കോൺഗ്രസ് ഭരണത്തുടർച്ച നേടുമെന്നായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാൽ ബിജെപി 90-ൽ 54 സീറ്റുകൾ നേടി ഭരണം പിടിച്ചെടുത്തു. ഇതിന് പിന്നിൽ നിതിൻ നബീന്റെ തന്ത്രങ്ങളായിരുന്നു.
ചത്തീസ്ഗഢിന്റെ സഹ-പ്രഭാരി ആയിരുന്ന അദ്ദേഹം ഓരോ മണ്ഡലത്തിലും താഴെത്തട്ടിലുള്ള പ്രവർത്തകരെ നേരിട്ട് ഏകോപിപ്പിച്ചു. ബൂത്ത് തലത്തിലുള്ള കമ്മിറ്റികളെ സജീവമാക്കിയതാണ് വിജയത്തിന്റെ അടിസ്ഥാനം. ‘മഹ്താരി വന്ദൻ യോജന’ (Mahtari Vandan Yojana) പോലുള്ള ജനപ്രിയ വാഗ്ദാനങ്ങൾ ഓരോ വീട്ടിലും എത്തിക്കാൻ പ്രവർത്തകർക്ക് അദ്ദേഹം കൃത്യമായ പരിശീലനം നൽകി. ഇത് സ്ത്രീ വോട്ടർമാരുടെ വലിയൊരു വിഭാഗത്തെ ബിജെപിക്ക് അനുകൂലമാക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here