അധികാരത്തിലെ ‘ദശാവതാരം’; നിതീഷ് കുമാർ പത്താം തവണയും ബിഹാർ മുഖ്യമന്ത്രി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ, നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പത്താം തവണ ബിഹാർ മുഖ്യമന്ത്രി പദത്തിൽ എത്തുന്ന റെക്കോർഡ് നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്.
ഇന്ന് രാവിലെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു പാർട്ടിയും പ്രധാന സഖ്യകക്ഷിയായ ബിജെപിയും ചേർന്ന എൻഡിഎ സംസ്ഥാനത്ത് വൻ വിജയം നേടിയിരുന്നു. 243 സീറ്റുകളുള്ള നിയമസഭയിൽ എൻഡിഎ 202 സീറ്റുകൾ നേടി ഭരണം നിലനിർത്തി. ജെഡിയു 85 സീറ്റുകളിലും ബിജെപി 89 സീറ്റുകളിലുമാണ് വിജയിച്ചത്.
പുതിയ സർക്കാരിന്റെ ഭാഗമായി നിതീഷ് കുമാറിനൊപ്പം 19 എംഎൽഎമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. സഖ്യത്തിൽ കൂടുതൽ സീറ്റുകൾ നേടിയ ബിജെപിക്ക് 10 മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. ജെഡിയുവിന് 6 മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച, ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് മഞ്ച് എന്നീ ചെറിയ സഖ്യകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിച്ചു.
മുന്നണി മാറ്റാനുള്ള കഴിവിലൂടെ രാഷ്ട്രീയത്തിൽ പ്രസക്തനായി തുടരുന്ന നിതീഷ് കുമാർ, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന എട്ടാമത്തെ മുഖ്യമന്ത്രിയാണ്. ഈ ടേം പൂർത്തിയാക്കുകയാണെങ്കിൽ, മുൻ സിക്കിം മുഖ്യമന്ത്രി പവൻ ചാംലിങ്ങിന്റെ 24 വർഷത്തെ റെക്കോർഡ് മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിക്കുന്ന വ്യക്തിയായി അദ്ദേഹം മാറും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here