മുതിർന്ന സിപിഎം നേതാവിനെ സ്ത്രീകൾ തെരുവിലിട്ട് തല്ലിയിട്ട് ചോദിക്കാനാരുമില്ല!! നടപടിയെടുക്കാൻ ബംഗാൾ പോലീസിനും വയ്യ

അനിൽ ദാസ് എന്ന 66 വയസുകാരനായ സിപിഎം നേതാവിനെ, തൃണമൂൽ വനിതാ നേതാവിൻ്റെ നേതൃത്വത്തിൽ ഖരഗ്പൂർ ടൌണിലിട്ട് തല്ലിച്ചതച്ചിട്ട് ഒരാഴ്ചയാകാറാകുന്നു. ദൃശ്യങ്ങൾ സഹിതം കുറ്റകൃത്യം പൊതുമധ്യത്തിൽ വന്നിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പകരം മർദനം നടത്തിയ ബേബി കോൽ എന്ന തൃണമൂൽ നേതാവിൻ്റെ പരാതിയിൽ തിരിച്ചൊരു കേസും അനിൽ ദാസിനെതിരെ റജിസ്റ്റർ ചെയ്തു. കുറ്റം സ്ത്രീപീഡനം.

പൊലീസ് നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടി അനിൽ ദാസ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഇരു പരാതികളും അന്വേഷിക്കുകയാണ് എന്നാണ് പൊലീസ് ഭാഷ്യം. തൃണമൂൽ സംഘത്തിൻ്റെ അതിക്രമത്തിലും പൊലീസ് അനാസ്ഥയിലും പ്രതിഷേധിച്ച് ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. ആരോപണ വിധേയയായ നേതാവിനോട് വിശദീകരണം തേടിയിട്ടുണ്ട് എന്ന് അറിയിച്ച് കൈകഴുകുകയാണ് തൃണമൂൽ നേതൃത്വം.
Also Read: ബലാത്സംഗം ചെയ്താൽ 10 കോടി; തൃണമൂൽ എംപിയുടെ 11കാരി മകൾക്ക് കടുത്ത ഭീഷണി
സ്കൂട്ടറിലെത്തിയ അനിൽ ദാസിനെ വഴിയിൽ പിടിച്ചുനിർത്തിയാണ് സ്ത്രീകൾ മർദനം തുടങ്ങിയത്. രക്ഷപെടാനായി ഒരു കടയിലേക്ക് ഓടിക്കയറിയ സിപിഎം നേതാവിനെ അവിടെ നിന്ന് വലിച്ചിറക്കി തല്ലിച്ചതയ്ക്കുന്നത് പുറത്തുവന്ന വീഡിയോകളിൽ വ്യക്തമാണ്. നിലത്തിട്ട് ചവിട്ടുകയും ചെരിപ്പൂരി അടിക്കുകയും ചെയ്യുന്നുണ്ട്; ശേഷം തലയിലൂടെ മഷി ഒഴിക്കുന്നതും കാണാം. കാഴ്ചക്കാരായി ഒരുപാട് പേരുണ്ടായിരുന്നു എങ്കിലും ആരും സ്ത്രീകളെ തടയാൻ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
Also Read: ബിജെപി നേതാവിനെ വെടിവയ്ക്കുന്ന വീഡിയോ പുറത്ത്; ബംഗാള്‍ ബന്ദിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ
തൃണമൂൽ നേതാക്കളുടെ അതിക്രമത്തിന് ഇരയായ ഒരു കുടുംബത്തിന് വേണ്ടി താൻ ഇടപെട്ടതിൻ്റെ പ്രതികാരമാണ് ഉണ്ടായത് എന്നാണ് അനിൽ ദാസ് പ്രതികരിച്ചത്. തൃണമൂൽ പ്രവർത്തകർ വൻ അതിക്രമങ്ങളാണ് ഖരഗ്പൂർ പ്രദേശത്ത് നടത്തുന്നതെന്നും, പരാതിപ്പെട്ടാലും പൊലീസ് ഇടപെടില്ല എന്നും ആരോപണമുണ്ട്. അതേസമയം അറിയപ്പെടുന്ന സിപിഎം നേതാക്കളാരും അനിൽ ദാസിന് പിന്തുണയുമായി എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here