മകളെ പുഴയിലെറിഞ്ഞ അമ്മയെ ഒരെത്തുംപിടികിട്ടാതെ പോലീസ്… വിചിത്രം സന്ധ്യയുടെ മൗനം; റിമാൻഡ് ചെയ്ത് കോടതി

എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരി മകളെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ അമ്മ സന്ധ്യ പോലീസിന് മുന്നിൽ കുറ്റം ഏറ്റെങ്കിലും കാരണമൊന്നും പറയാൻ കൂട്ടാക്കിയിട്ടില്ല. പ്രത്യക്ഷത്തിൽ മാനസിക പ്രശ്നങ്ങളൊന്നും ഇല്ല. ഭർതൃവീട്ടുകാരുമായി ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും ഇത്ര ക്രൂരമായൊരു നടപടിയിലേക്ക് പോകാൻ കണക്കാക്കാൻ കഴിയുന്നതല്ല. തൈറോയ്ഡ് പ്രശ്നം കാരണമുള്ള ഹോർമോൺ വ്യതിയാനം ഉണ്ടാക്കാനിടയുള്ള സമ്മർദ്ദമാണ് മറ്റൊരു സൂചന.
നിലവിലെ സാഹചര്യം പരിഗണിച്ച് പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തെങ്കിലും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടിവരും. അതിന് മുമ്പ് ഭർത്താവും അമ്മയും അടക്കം അടുത്ത ബന്ധുക്കളുടെ മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. വീണ്ടും ചോദ്യം ചെയ്യാൻ കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങും. അതിനൊപ്പം വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. അതിലൂടെ മാനസികാരോഗ്യം നിർണയിക്കുക എന്നത് ഈ കേസിൽ ഏറ്റവും നിർണായകമായി മാറുകയാണ്.
ഇന്നലെ ഉച്ചക്കുശേഷം പുത്തന്‍കുരിശിലെ അംഗനവാടിയിൽ നിന്ന് വിളിച്ച് കൊണ്ടുപോയ സ്വന്തം മകളെ ആലുവയിലെത്തിച്ച് മണപ്പുറത്ത് സമയം ചിലവിട്ട ശേഷമാണ് മൂഴിക്കുളത്ത് ബസിറങ്ങി പാലത്തിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞത്. ഇരുവരെയും കാണാനില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പോലീസിനോട് രാത്രി എട്ടരയോടെ സന്ധ്യ കുറ്റം സമ്മതിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുലർച്ചെ രണ്ടരയോടെ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here