ഹോസ്റ്റലുകൾക്ക് വാണിജ്യ നികുതി വേണ്ട! സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിലുടനീളമുള്ള നൂറുകണക്കിന് ഹോസ്റ്റൽ ഉടമകൾക്ക് ആശ്വാസമായി മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ജോലി ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള ഹോസ്റ്റലുകൾക്ക് ഹോസ്റ്റലുകൾക്ക് വാണിജ്യ നികുതി ചുമത്താൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഈ സ്ഥാപനങ്ങൾ താമസസ്ഥലങ്ങൾ ആയാണ് കണക്കാക്കേണ്ടതെന്നും, അതിനാൽ പ്രോപ്പർട്ടി നികുതി, വെള്ളക്കരം, വൈദ്യുതി ചാർജ് എന്നിവ താമസാവശ്യത്തിനുള്ള നിരക്കിൽ മാത്രമേ ഈടാക്കാവൂ എന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി പുറപ്പെടുവിച്ച പൊതു ഉത്തരവിലാണ് ഈ നിർദ്ദേശം. ഹോസ്റ്റലുകളെ വാണിജ്യ വിഭാഗത്തിൽപ്പെടുത്തി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ, കോയമ്പത്തൂർ കോർപ്പറേഷൻ, ചെന്നൈ മെട്രോ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (CMWSSB) എന്നിവർ നൽകിയ നിരവധി ഡിമാൻഡ് നോട്ടീസുകൾ കോടതി റദ്ദാക്കി.
‘ഹോസ്റ്റലുകൾ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ബിസിനസുകളല്ല. സ്വതന്ത്രമായി വീടോ ഫ്ലാറ്റോ വാടകയ്ക്ക് എടുക്കാൻ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും താങ്ങാനാവുന്ന താമസസൗകര്യമാണ് ഹോസ്റ്റലുകൾ നൽകുന്നത്. ഇവിടെ താമസിക്കുന്നവർ മുറികൾ ഉറങ്ങാനും കുളിക്കാനും മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. ഇത് താമസസ്ഥലത്തിന്റെ ഉപയോഗത്തിന് തുല്യമാണ്. നികുതി വർദ്ധിപ്പിക്കുന്നതിന് മുമ്പ് അധികൃതർ നോട്ടീസ് നൽകിയില്ല, ഇത് നിയമപരമായി തെറ്റാണെന്നും’ കോടതി നിരീക്ഷിച്ചു.
ഒരു വസ്തുവിന്റെ തരം തിരിക്കേണ്ടത് അതിന്റെ ഉടമസ്ഥതയെയോ നടത്തിപ്പിനെയോ ആശ്രയിച്ചല്ല, മറിച്ച് അതിലെ താമസക്കാർ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കണം. ഹോസ്റ്റൽ ഉടമകൾ വാടക വാങ്ങുന്നു. എന്നാൽ, അത് വാണിജ്യ സ്ഥാപനമാണെന്ന് പറയാൻ കഴിയില്ല . കാരണം, അപ്പാർട്ട്‌മെന്റ് ഉടമകളും താമസിക്കാൻ വാടക വാങ്ങുന്നുണ്ട്. അവർക്ക് താമസസ്ഥലത്തിന്റെ നികുതിയും ഹോസ്റ്റലുകൾക്ക് വാണിജ്യ നികുതിയും ചുമത്തുന്നത് വിവേചനമാണ്.
കുറഞ്ഞ വരുമാനമുള്ളവരെ ഉയർന്ന വാണിജ്യ നികുതി ചുമത്തി ബുദ്ധിമുട്ടിക്കുന്നത് തെറ്റാണെന്നും ജഡ്ജി നിരീക്ഷിച്ചു. നികുതി വിഭാഗം മാറ്റുന്നതിന് മുമ്പ് നിയമപരമായി നൽകേണ്ട മുന്നറിയിപ്പ് നോട്ടീസ് കോർപ്പറേഷനുകൾ നൽകിയില്ല.
ഇതോടെ, ഹോസ്റ്റലുകൾക്ക് നൽകിയ ഉയർന്ന നികുതി നോട്ടീസുകൾ കോടതി റദ്ദാക്കി. ഇനി മുതൽ ഈ സ്ഥാപനങ്ങളുടെ നികുതി താമസസ്ഥലം എന്ന നിലയിൽ കണക്കാക്കി പുനർനിർണയിക്കാൻ കോടതി തദ്ദേശ സ്ഥാപനങ്ങളോട് ഉത്തരവിട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here