യാത്രക്കാരെ വലച്ചാൽ എത്ര വലിയ കമ്പനിക്കും രക്ഷയില്ല! ഇൻഡിഗോയ്ക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം

യാത്രക്കാർക്ക് ദുരിതമുണ്ടാക്കാൻ വിമാനക്കമ്പനികളെയൊന്നും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു പാർലമെന്റിൽ വ്യക്തമാക്കി. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങുകയും ചെയ്ത ഇൻഡിഗോയുടെ പ്രശ്‌നത്തിൽ സർക്കാർ കർശന നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം.
നിയമങ്ങൾ പാലിക്കാത്തതിലൂടെയോ, ആസൂത്രണത്തിലെ പിഴവുകൾ കൊണ്ടോ യാത്രക്കാർക്ക് ദുരിതമുണ്ടാക്കാൻ ശ്രമിച്ചാൽ അതിന് ഒരുകാരണവശാലും അനുവദിക്കില്ല. അത് എത്ര വലിയ എയർലൈൻ ആയാലും ശെരി, വ്യോമയാനത്തിലെ സുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ലെന്നും റാം മോഹൻ നായിഡു വ്യക്തമാക്കി. വിമാന നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കർശനവും ഉചിതവുമായ നടപടികൾ ഇൻഡിഗോയ്‌ക്കെതിരെ സ്വീകരിക്കും. ഡിജിസിഎ ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പൈലറ്റുമാർക്ക് മതിയായ വിശ്രമം ഉറപ്പാക്കാനുള്ള പരിഷ്‌കരിച്ച ഫ്ളൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) മാനദണ്ഡങ്ങളാണ് ഇൻഡിഗോയുടെ ഈ പ്രതിസന്ധിക്ക് കാരണമായത്. പുതിയ നിയമങ്ങൾ പൈലറ്റുമാരുടെ ക്ഷീണം തടയാനായി ശാസ്ത്രീയമായി രൂപകൽപ്പന ചെയ്തതാണ്. പുതിയ നിയമങ്ങൾ പൂർണ്ണമായി പാലിക്കാമെന്നും വിന്റർ ഷെഡ്യൂളിന് തയ്യാറാണെന്നും ഇൻഡിഗോ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ജീവനക്കാരുടെ ഇന്റേണൽ റോസ്റ്റർ ക്രമീകരണത്തിലെ തകരാറുകളാണ് വലിയ തോതിലുള്ള വിമാനങ്ങൾ റദ്ദാക്കാനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും കാരണമായതെന്ന് മന്ത്രി പറഞ്ഞു.
യാത്രക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടു. ആവശ്യകത വർധിച്ചപ്പോൾ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയാനായി വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിച്ചു. റദ്ദാക്കിയ ടിക്കറ്റുകളുടെ പണം ഉടൻ തിരികെ നൽകാൻ ഇൻഡിഗോയോട് ആവശ്യപ്പെട്ടു. 750 കോടിയിലധികം തുക ഇതിനോടകം യാത്രക്കാർക്ക് തിരികെ ലഭിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
യാത്രാദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോയ്‌ക്കെതിരെ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ, ഇൻഡിഗോയുടെ വിന്റർ ഷെഡ്യൂളിലെ വിമാനങ്ങളുടെ എണ്ണം 5 ശതമാനം വെട്ടിക്കുറച്ചു. ഇൻഡിഗോ പ്രതിദിനം ഏകദേശം 2,200 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. അതായത്, ഏകദേശം 110 ഫ്ലൈറ്റുകൾ ദിവസവും കുറയ്ക്കും. ഇതുവഴി ഒഴിവുവരുന്ന സ്ലോട്ടുകൾ മറ്റ് എയർലൈനുകൾക്ക് നൽകുമെന്നും സർക്കാർ അറിയിച്ചു.
മത്സരാധിഷ്ഠിതവും ശക്തവുമായ വ്യോമയാന ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ എയർലൈനുകൾ പ്രോത്സാഹിപ്പിക്കുന്നത് വഴി യാത്രാ ചെലവ് കുറയുകയും വ്യോമയാന മേഖല കൂടുതൽ മത്സരാധിഷ്ഠിതമാകുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here