കസ്റ്റഡിയിൽ സ്ത്രീയെ പീഡിപ്പിച്ച ഡിവൈഎസ്പിക്കെതിരെ കേസില്ല; കാരണം രാഷ്ട്രീയതാൽപര്യം!! പ്രതി പൊലീസ് സംഘടനാനേതാവ്

ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് സ്ത്രീയെ ലൈംഗികചൂഷണം ചെയ്തതിൻ്റെ പേരിൽ സസ്പെൻഷനിലായ വടകര ഡിവൈഎസ്പി എ.ഉമേഷിനെതിരെ ബലാൽസംഗത്തിന് കേസെടുക്കാതെ ഒളിച്ചുകളിച്ച് ആഭ്യന്തര വകുപ്പ്. ഉമേഷിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതിവച്ച് ജീവനൊടുക്കിയ സർക്കിൾ ഇൻസ്പെക്ടർ ബിനു തോമസിന് പുറമെ, അതിൽ പരാമർശിക്കപ്പെട്ട ഇരയായ സ്ത്രീയും ഉമേഷ് തന്നെ ബലാൽസംഗം ചെയ്തെന്ന് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതടക്കം അതീവ ഗുരുതര വിവരങ്ങൾ ഉൾപ്പെടുത്തി പാലക്കാട് എസ്പി, ഡിജിപിക്കും സർക്കാരിനും റിപ്പോർട്ട് നൽകി ഒരാഴ്ചയോളമായിട്ടും അതിനുമേലെ അടയിരിക്കുകയാണ് പിണറായി വിജയൻ്റെ കീഴിലുള്ള ആഭ്യന്തരവകുപ്പ്.
സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന ഡിവൈഎസ്പി ഉമേഷ് ഇടത് അനുകൂല കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റാണ്. രണ്ടുദിവസം മുമ്പാണ് ഉമേഷിനെ സസ്പെൻ്റ് ചെയ്തത്. ഗുരുതര സ്വഭാവദൂഷ്യ ആരോപണങ്ങൾ ഉയർന്നതോടെ മറ്റ് വഴിയില്ലാതെയാണ് നടപടിക്ക് ഡിജിപി ശുപാർശ ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയതും ലൈംഗികചൂഷണവും സസ്പെൻഷൻ ഉത്തരവിൽ തന്നെ പറയുന്നുണ്ട്. എന്നിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഇതുവരെ പോലീസ് തയ്യാറാകാത്തത് ഉന്നതതല ഇടപെടൽ കൊണ്ടു തന്നെയാണ്. ഇത്ര ഗുരുതര വിഷയത്തിൽ നടപടി വൈകാൻ കാരണം ഭരണകക്ഷി സ്വാധീനം അല്ലാതെ മറ്റൊന്നുമല്ല.
കഴിഞ്ഞ മാസം 16നാണ് ചെർപ്പുളശ്ശേരി സിഐ ബിനു തോമസ് പോലീസ് ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്തത്. 32 പേജുള്ള ആത്മഹത്യാകുറിപ്പിലൂടെ 1 1 വർഷം മുൻപത്തെ ഇരുവരുടെയും നടപടിദൂഷ്യമാണ് പുറത്തുവന്നത്. 2014ൽ ഉമേഷ് വടക്കഞ്ചേരി സിഐ ആയിരുന്ന കാലത്ത് അനാശാസ്യത്തിന് പിടിച്ച സ്ത്രീയെ കേസെടുക്കാതെ വിട്ടശേഷം പിന്നീട് അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ബിനു തോമസ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നത്. തന്നെ നിർബന്ധിച്ച് അവരുമായി ബന്ധപ്പെടുത്തിയെന്നും, അവരെ പിടികൂടിയ വീടിൻ്റെ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ബിനു തോമസ് എഴുതിയതെല്ലാം സസ്പെൻഷൻ ഉത്തരവിലും പറയുന്നുണ്ട്.
ആത്മഹത്യാകുറിപ്പ് പുറത്തുവന്നതിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങളെല്ലാം ശരിയെന്ന് വ്യക്തമായത്. ഈ അന്വേഷണത്തിലാണ് അന്ന് പീഡനത്തിന് ഇരയായ സ്ത്രീയും ഉമേഷിനെതിരെ മൊഴി നൽകിയത്. കേസുമായി ബന്ധപ്പെട്ട് തൻ്റെ മുന്നിലെത്തിയ സ്ത്രീയെ കേസിൽ നിന്നൊഴിവാക്കി ശേഷം ലൈംഗിക താൽപര്യത്തിന് ഉപയോഗിച്ചുവെന്ന വസ്തുത കേരള പൊലീസിൻ്റെ ചരിത്രത്തിൽ ഇതുവരെ ഇത്ര പച്ചക്ക് പുറത്തുവന്നിട്ടില്ല. എന്നിട്ടാണ് ഇപ്പോഴും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ കേസെടുത്ത് അകത്താക്കാൻ വ്യഗ്രത കാട്ടുന്ന സർക്കാർ തങ്ങൾക്ക് താല്പര്യമുള്ളവർക്ക് രക്ഷാകവചം ഒരുക്കുന്നതിന് ഉത്തമ ഉദാഹരണം കൂടിയാണിത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here