‘നീതി ലഭിക്കുന്നതുവരെ അന്ത്യകർമ്മങ്ങളില്ല’; കൊല്ലപ്പെട്ട ‘ജൻ സുരാജ്’ പ്രവർത്തകൻ്റെ കുടുംബം

മൊകാമയിൽ കൊല്ലപ്പെട്ട ജൻ സുരാജ് പാർട്ടി പ്രവർത്തകനായ ദുലാർ ചന്ദ് യാദവിന് നീതി ലഭിക്കുന്നതുവരെ മൃതദേഹത്തിൻ്റെ അന്ത്യകർമ്മങ്ങൾ നടത്തില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും ജെഡിയു സ്ഥാനാർത്ഥിയുമായ അനന്ത് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കുടുംബം ഈ നിലപാട് സ്വീകരിച്ചത്.
എഫ്ഐആറിൽ പേരുള്ള അഞ്ച് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദുലാർ ചന്ദ് യാദവിൻ്റെ പേരക്കുട്ടി ആവശ്യപ്പെട്ടു. അറസ്റ്റിലായ എല്ലാവർക്കും വധശിക്ഷ നൽകണം. ഈ ആവശ്യം പൂർണ്ണമായി അംഗീകരിക്കുന്നതുവരെ മരിച്ചയാളുടെ മരണാനന്തര ചടങ്ങുകൾ നടത്തില്ല എന്നാണ് കുടുംബം പറയുന്നത്.
അനന്ത് സിംഗിനെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെയും മറ്റ് രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി. ദുലാർ ചന്ദ് യാദവിന് വെടിയേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിന് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ ശേഷം അദ്ദേഹത്തെ വാഹനം കയറ്റി കൊലപ്പെടുത്തിയതായും സംശയിക്കുന്നുണ്ട്.
അക്രമികൾക്ക് സർക്കാരിന്റെ സഹായം ലഭിച്ചു എന്ന ഗുരുതരമായ ആരോപണവും ദുലാർ ചന്ദ് യാദവിൻ്റെ പേരക്കുട്ടി ഉന്നയിച്ചു. ഈ കൊലപാതകം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ മൊകാമയിൽ വലിയ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here