പേപ്പറിൽ ഭക്ഷണം കഴിച്ച കുട്ടികൾക്കിനി ആശ്വാസം, പാത്രം കിട്ടി; വാർത്ത വൈറലായതിന് പിന്നാലെ നടപടി

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം മാലിന്യക്കടലാസുകളിൽ വിളമ്പുന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. തുടർന്നാണ് ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിച്ചത്. റിപ്പോർട്ട് പുറത്തുവന്ന് രണ്ട് ദിവസത്തിനുള്ളിൽ, ഹുൽപൂർ സർക്കാർ സ്കൂളിലെ കുട്ടികൾക്ക് മാന്യതയോടെ ഭക്ഷണം കഴിക്കാൻ സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു.
നവംബർ 4നാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കുട്ടികൾ കീറിയതും പഴയതുമായ കടലാസ് ഷീറ്റുകളിൽ ഉച്ചഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ ഭരണകൂടത്തിൻ്റെ അനാസ്ഥക്കെതിരെ വ്യാപക വിമർശനമുയർത്തി. കടലാസുകളിൽ ഭക്ഷണം വിളമ്പിയതിനെ തുടർന്ന് സ്കൂൾ ഇൻചാർജിനെ സസ്പെൻഡ് ചെയ്യുകയും ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്ന സെൽഫ് ഹെൽപ് ഗ്രൂപ്പിന്റെ കരാർ റദ്ദാക്കുകയും ചെയ്തു.
ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. “ഇവിടെ കുട്ടികൾക്ക് ഉച്ചഭക്ഷണം കടലാസിലാണ് വിളമ്പുന്നതെന്ന വാർത്ത കണ്ടപ്പോൾ എൻ്റെ ഹൃദയം തകർന്നുപോയി. രാജ്യത്തിന്റെ ഭാവിയായ ഈ കുട്ടികൾക്ക് മാന്യതയുടെ ഒരു പാത്രം പോലും ലഭിക്കുന്നില്ല. 20 വർഷത്തിലധികം നീണ്ട ബിജെപി ഭരണത്തിൽ കുട്ടികളുടെ പാത്രം പോലും മോഷ്ടിക്കപ്പെട്ടു,” എന്നാണ് രാഹുൽ വിമർശിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here