പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണമില്ല; ഹർജി പിൻവലിപ്പിച്ച് സുപ്രീം കോടതി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. സൈനികനടപടിക്ക് രാജ്യം തയ്യാറെടുക്കുമ്പോൾ സേനാവിഭാഗങ്ങളുടെ ആത്മവിശ്വാസം തകർക്കുന്ന നടപടി പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജിക്കാർക്കെതിരെ രൂക്ഷ വിമർശനമാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് നടത്തിയത്.
കശ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവരാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചത്. രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണമെന്നും ഹർജി പിൻവലിക്കുന്നതാണ് നല്ലതെന്നും കോടതി അറിയിച്ചു. തുടർന്ന് ഹർജി നൽകിയവർ തന്നെ പിൻവലിച്ചു.
ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഭീഷണി നേരിടുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരൻ ബോധിപ്പിച്ചു. കശ്മീരികളോട് പ്രതികാരം ചെയ്യാന്‍ തീവ്രവാദികളോ ഗുണ്ടകളോ ശ്രമിച്ചേക്കാമെന്നും ഈ വിഷയത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here