‘ഹരിജൻ’, ‘ഗിരിജൻ’ വിളികൾ ഇനി വേണ്ട; കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ ഒരുങ്ങി ഹരിയാന

ഔദ്യോഗിക ആവശ്യങ്ങൾക്കായി ‘ഹരിജൻ’, ‘ഗിരിജൻ’ എന്നീ വാക്കുകൾ ഉപയോഗിക്കുന്നത് ഹരിയാന സർക്കാർ നിരോധിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ഇനി മുതൽ ഈ വാക്കുകൾ ഉപയോഗിക്കരുത് എന്നാണ് ചൊവ്വാഴ്ച ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ഇന്ത്യൻ ഭരണഘടനയിൽ എവിടെയും ഈ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ‘ഹരിജൻ’, ‘ഗിരിജൻ’ എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പകരം ‘പട്ടികജാതി’, ‘പട്ടികവർഗ്ഗം’ എന്നീ ഔദ്യോഗിക നാമങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. കേന്ദ്ര സർക്കാരിന്റെ മുൻപുള്ള നിർദ്ദേശങ്ങൾ പല വകുപ്പുകളും കൃത്യമായി പാലിക്കുന്നില്ല എന്ന് കണ്ടതിനെത്തുടർന്നാണ് ഹരിയാന സർക്കാർ ഇപ്പോൾ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മഹാത്മാഗാന്ധിയാണ് പട്ടികജാതി വിഭാഗക്കാരെ ‘ദൈവത്തിന്റെ മക്കൾ’ എന്ന അർത്ഥത്തിൽ ‘ഹരിജൻ’ എന്ന് വിളിച്ചിരുന്നത്. എന്നാൽ ഡോ ബിആർ അംബേദ്കർ ഈ പ്രയോഗത്തോട് വിയോജിച്ചിരുന്നു. ഇനി മുതൽ സർക്കാർ രേഖകളിലും കത്തുകളിലും സർവ്വകലാശാലാ രേഖകളിലും ഈ വാക്കുകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് സർക്കാർ കർശനമായി നിർദ്ദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top