‘വിജയ്‌യുടെ ബൂസ്റ്റ് വേണ്ട, ഞങ്ങൾക്ക് രാഹുലിന്റെ ഹോർലിക്സ് ഉണ്ട്!’ ക്ഷണം തള്ളി കോൺഗ്രസ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി (TVK) സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് ക്ഷണവുമായി വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖർ രംഗത്തെത്തി. എന്നാൽ, വിജയ്‌യുടെ ബൂസ്റ്റ് ആവശ്യമില്ലെന്ന പരിഹാസത്തോടെ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ സെൽവപ്പെരുന്തഗൈ ഈ ക്ഷണം തള്ളി.
കോൺഗ്രസിന് തമിഴ്‌നാട്ടിൽ വലിയ പാരമ്പര്യമുണ്ടെന്നും എന്നാൽ ഇപ്പോൾ പ്രസക്തി കുറഞ്ഞുവരികയാണെന്നും ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ വിജയ് പിന്തുണ നൽകാൻ തയ്യാറാണെന്നും ഈ അവസരം കോൺഗ്രസ് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേതാവായ രാഹുൽ ഗാന്ധി ആവശ്യത്തിന് ‘ബൂസ്റ്റും ഹോർലിക്സും ബോൺവീറ്റയും’ നൽകുന്നുണ്ട്. അതിനാൽ അണികൾക്ക് വിജയ്‌യുടെ ബൂസ്റ്റ് വേണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ പരിഹാസത്തോടെ വ്യക്തമാക്കി. നിലവിൽ ഡിഎംകെ സഖ്യത്തിലാണ് കോൺഗ്രസ് എങ്കിലും സീറ്റ് വിഭജനത്തെച്ചൊല്ലിയും ഭരണപങ്കാളിത്തത്തെച്ചൊല്ലിയും ഇരു പാർട്ടികളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. 35 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ 19 സീറ്റുകൾ മാത്രമേ നൽകൂ എന്ന നിലപാടിലാണ് ഡിഎംകെ.
വിജയ്‌യുടെ പാർട്ടി കോൺഗ്രസിന് 60 സീറ്റുകളും ഭരണത്തിൽ പങ്കാളിത്തവും വാഗ്ദാനം ചെയ്തതായി സൂചനകളുണ്ട്. എങ്കിലും ഔദ്യോഗികമായി വിജയോ അദ്ദേഹത്തിന്റെ പാർട്ടിയോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. തമിഴ്‌നാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് വിജയ്‌ക്കൊപ്പം ചേരുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here