നേതൃമാറ്റത്തിൽ വേറിട്ട നിലപാട് പരസ്യമാക്കി കെ മുരളീധരൻ… ‘കെ സുധാകരന് ആരോഗ്യപ്രശ്നങ്ങളില്ല, മാറ്റേണ്ട ആവശ്യമില്ല’

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരിഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ നേതൃമാറ്റത്തിലൂടെ മുഖംമിനുക്കാൻ കോൺഗ്രസ് എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കെ അതിൻ്റെ ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞ് കെപിസിസി മുൻ അധ്യക്ഷൻ കെ മുരളീധരൻ. കെ സുധാകരനെ മാറ്റാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ ഒരു മാറ്റം നല്ലതല്ല എന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരൻ തുറന്നടിച്ചു.
സുധാകരന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. പലർക്കും പല താല്പര്യങ്ങളും ഉണ്ടാകും. എന്നാൽ പാർട്ടിയുടെ താല്പര്യം അടുത്ത ഇലക്ഷൻ ജയിക്കുക എന്നതാണ്. പാർട്ടിയെ നയിക്കാൻ കരുത്തന്മാർ വേണം. നേതൃമാറ്റം ഇപ്പോൾ ആവശ്യമില്ലെന്നും ഹൈക്കമാന്റിനെക്കാൾ വലിയ കമാൻഡ് ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഈ വിഷയത്തിൽ ഒരു സമുദായവും ഇടപെട്ടിട്ടില്ലെന്നും അങ്ങനെ ആരെയും ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആൻ്റോ ആൻ്റണി അല്ലെങ്കിൽ സണ്ണി ജോസഫ് വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സുധാകരൻ സ്ഥാനമൊഴിയുന്ന കാര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചർച്ചകളും പൂർത്തിയായിട്ടുണ്ട്. ക്രൈസ്തവ വിഭാഗത്തിൽ നിന്നൊരാൾ കോൺഗ്രസ് നേതൃത്വത്തിലേക്ക് വരണമെന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ രണ്ടുപേരുകളിലേക്ക് എത്തിനിൽക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here