‘ചോരയിൽ കുളിച്ചു കിടന്നിട്ടും ആരും രക്ഷിക്കാൻ വന്നില്ല’; വംശീയ അധിക്ഷേപമല്ല ‘തമാശ’ എന്ന് പോലീസ്; പ്രതിഷേധം ശക്തം

വംശീയ അധിക്ഷേപം ചോദ്യം ചെയ്തതിന്റെ പേരിൽ ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട ത്രിപുര സ്വദേശിയായ എംബിഎ വിദ്യാർത്ഥി എയ്ഞ്ചൽ ചക്മയുടെ മരണം വലിയ വിവാദമാകുന്നു. വംശീയ അധിക്ഷേപങ്ങളെ പോലീസ് വെറും ‘തമാശ’ എന്ന് വിശേഷിപ്പിച്ചതിനെതിരെ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബം രംഗത്തെത്തി.

ഡെറാഡൂണിൽ പഠിച്ചിരുന്ന എയ്ഞ്ചൽ ചക്മയെയും സഹോദരൻ മൈക്കിളിനെയും മാർക്കറ്റിൽ വെച്ച് ഒരു സംഘം ‘ചൈനീസ് മോമോ’ എന്ന് വിളിച്ച് അധിക്ഷേപിച്ചു. മൈക്കിൾ ഇത് ചോദ്യം ചെയ്തതോടെ മദ്യപിച്ചെത്തിയ സംഘം അവനെ ക്രൂരമായി മർദ്ദിച്ചു. അവനെ സഹായിക്കാൻ എത്തിയ എയ്ഞ്ചലിനേയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ചോരയിൽ കുളിച്ചു കിടക്കുമ്പോഴും ആരും രക്ഷിക്കാൻ വന്നില്ല എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിനെ വംശീയ അധിക്ഷേപമായി കാണാനാവില്ലെന്നും, തമാശയ്ക്ക് പറഞ്ഞ കാര്യങ്ങൾ ഇവർ തെറ്റിദ്ധരിച്ചതാണെന്നുമാണ് ഡെറാഡൂൺ പോലീസ് ആദ്യം പറഞ്ഞത്.

മരിച്ച യുവാവിന്റെ പിതാവ് പരാതി നൽകാൻ ചെന്നപ്പോൾ ആദ്യം പോലീസ് കേസ് എടുക്കാൻ തയ്യാറായില്ല. വിദ്യാർത്ഥി യൂണിയന്റെ സമ്മർദ്ദത്തെ തുടർന്ന് 48 മണിക്കൂറിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഡിസംബർ 9ന് നടന്ന ആക്രമണത്തിൽ കഴുത്തിലും വയറിലും കുത്തേറ്റ എയ്ഞ്ചൽ ചക്മ ചികിത്സയിലിരിക്കെ ഡിസംബർ 26നാണ് മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നതുവരെ താൻ ഇന്ത്യക്കാരനാണെന്ന് എയ്ഞ്ചൽ ആവർത്തിച്ചു പറഞ്ഞിരുന്നു.

പ്രതിഷേധം ശക്തമായതോടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. രാജ്യത്ത് വിദ്വേഷം വളരുകയാണെന്നും ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top