വിജയിയുടെ റോഡ് ഷോയ്ക്ക് അനുമതിയില്ല; ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ റോഡിന് കഴിയില്ലന്ന് പൊലീസ്

നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ ഡിസംബർ 5ന് പുതുച്ചേരിയിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. പകരം തുറന്ന സ്ഥലത്ത് പൊതുയോഗം നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

വിജയിക്ക് വേണ്ടി വരുന്ന വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ പുതുച്ചേരിയിലെ ഇടുങ്ങിയ റോഡുകൾക്ക് കഴിയില്ല എന്നാണ് പൊലീസ് അറിയിച്ചത്. ഉയർന്ന തലത്തിലുള്ള സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സുരക്ഷ ഉറപ്പാക്കാനും പൊതുയോഗമാണ് കൂടുതൽ എളുപ്പമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ തമിഴ്‌നാട്ടിലെ കരൂരിൽ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചിരുന്നു. ഈ ദുരന്തം സംബന്ധിച്ച ആശങ്കകൾ ശക്തമായ സാഹചര്യത്തിലാണ് പുതുച്ചേരി പൊലീസ് ഈ കടുത്ത തീരുമാനമെടുത്തത്. റോഡ് ഷോയ്ക്കായി പാർട്ടിയുടെ മുതിർന്ന നേതാക്കളായ ബസ്സി ആനന്ദ്, ആദവ് അർജുന എന്നിവർ നേരത്തെ തന്നെ പുതുച്ചേരിയിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു.

എന്നാൽ,പൊലീസിന്റെ തീരുമാനത്തോട് പാർട്ടി ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതുച്ചേരിയിൽ സ്വാധീനമുറപ്പിക്കാൻ വിജയ് നടത്തിയ പ്രധാന നീക്കമായിരുന്നു ഇത്. എന്നാൽ അനുമതി നിഷേധിച്ചതോടെ, പൊതുയോഗം മതിയോ അതോ അനുമതിക്കായി വീണ്ടും ശ്രമിക്കണോ എന്ന കാര്യത്തിൽ ടിവികെ ഉടൻ തീരുമാനം എടുക്കുമെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top