‘നടവരവ് സ്വർണത്തിന് പോലും കണക്കില്ല’… അയ്യപ്പൻ്റെ പേരിലെല്ലാം നിയമവിരുദ്ധ പരിപാടികളെന്ന് മുൻ തിരുവാഭരണം കമ്മീഷണർ

ശബരിമലയിൽ മൊത്തം കുത്തഴിഞ്ഞ അവസ്ഥയാണെന്നും നിയമപരമായി ഒന്നും നടക്കുന്നില്ലെന്നും അറിയിച്ച് മുൻ തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് എഴുതിയ സ്ഫോടനാത്മകമായ കത്ത് പുറത്തായി. സിപിഎം നേതാവ് എ പത്മകുമാർ ബോർഡ് പ്രസിഡൻ്റായിരുന്ന കാലത്ത് അയച്ച കത്താണിത്. അയ്യപ്പൻ്റെ പേരിൽ ഇവിടെ നടക്കുന്നതെല്ലാം നിയമവിരുദ്ധമായാണ് എന്നാണ് തിരുവാഭരണം കമ്മീഷണറായിരുന്ന ആർ ജി രാധാകൃഷ്ണൻ ബോർഡിനെ രേഖാമൂലം അറിയിച്ചത്. 2019 സെപ്റ്റംബർ 3ന് നൽകിയ കത്തിന്റെ പകർപ്പാണ് പുറത്തു വന്നിരിക്കുന്നത്.

ഭഗവാൻ്റെ വസ്തുവകകൾ ഒന്നും സുരക്ഷിതമല്ല, അതിലുപരി ഒന്നും വ്യവസ്ഥാപിതമല്ല, സ്വർണ ഉരുപ്പടികളുടെ സ്റ്റോക്കിൻ്റെ കാര്യത്തിലടക്കം ഒരുകാര്യത്തിലും വെരിഫിക്കേഷൻ നടക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ കത്തിൽ പറയുന്നുണ്ട്. ആർ ജി രാധാകൃഷ്ണൻ ബോർഡ് പ്രസിഡൻ്റ് പത്മകുമാറിന് നൽകിയ രണ്ട് പേജുള്ള കത്തിലെ വിവരങ്ങൾ ശബരിമലയിൽ നടക്കുന്ന തീവെട്ടിക്കൊള്ളയുടെ നേർചിത്രങ്ങളാണ്.

Also Read: തട്ടിപ്പിന്‍റെ ചെമ്പ് തെളിയുന്നു, കേസെടുക്കാതെ പോലീസ്!! അയ്യപ്പൻ്റെ സ്വർണം ചെമ്പാക്കിയ വിദ്യയിൽ സിപിഎം ഒളിച്ചുകളിക്കുന്നതെന്ത്?

“നടവരവ് സാധനങ്ങളുടെ കൂടുതൽ, കുറവ് സ്റ്റേറ്റ്മെൻ്റുകൾ മാസത്തിൽ ഒരിക്കലോ ആറ് മാസത്തിൽ ഒരിക്കലോ പോലും മേലാഫീസിലേക്ക് അയക്കാറില്ല. നിയമപ്രകാരം മേലാഫീസിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളുടെ എണ്ണപ്പടി പരിശോധന നടക്കാറില്ല. ഇത് സംബന്ധിച്ച രജിസ്റ്ററുകൾ ഒന്നും തന്നെ സൂക്ഷിക്കുന്നില്ല. ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രഥമ പരിഗണന നൽകേണ്ടത് സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ഉരുപ്പടികളടെ നടവരവിലും വിനിയോഗത്തിലുമാണ്. എന്നാൽ ഈ സംഗതികൾക്ക് ഏറ്റവും അവസാനത്തെ പരിഗണനയാണ് ലഭിക്കുന്നത്. തന്മൂലം ക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങളും നടവരവായ ഉരുപ്പടികളും സുരക്ഷിതമാണോ എന്നും ആശങ്കപ്പെടേണ്ടതുണ്ട്. ആകയാൽ എത്രയും വേഗം തിരുവാഭരണങ്ങളുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ബോർഡ് പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങൾ കർശനമായി അനുവർത്തിക്കാൻ എല്ലാ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും ഉത്തരവ് നൽകേണ്ടതാണ്.”

Also Read: SIT കണ്ണുരുട്ടി; ശബരിമല സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ ദേവസ്വം ആസ്ഥാനത്ത് നിന്ന് തന്നെ കണ്ടെത്തി

ഇങ്ങനെയാണ് കത്തിൽ പറയുന്നത്. ഇത്ര വ്യക്തവും കൃത്യവുമായി വിശദീകരിച്ച് ദേവസ്വം പ്രസിഡൻ്റിന് മുന്നറിയിപ്പ് രേഖാമൂലം നൽകിയിട്ടും ഒരു ജാഗ്രതയും പാലിക്കാത്തതിൻ്റെ അനന്തരഫലമാണ് ശബരിമലയിൽ നടന്ന പെരുംകൊള്ള. ബോർഡിൻ്റെ ഉന്നതർക്ക് അടക്കം ഈ ഇടപാടിൽ കൈയ്യുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് പിന്നീടുണ്ടായത്.

Also Read: 27 വർഷത്തിനു ശേഷവും അയ്യപ്പഭക്തി ഏറ്റുപറഞ്ഞ് വിജയ് മല്യ; സ്വർണം പൂശിയ ക്ഷേത്രങ്ങളുടെ കണക്ക് നിരത്തി പോഡ്കാസ്റ്റ്

ശബരിമല സ്വർണക്കവർച്ചയിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന നിലപാടാണ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ സ്വീകരിച്ചത്. അന്നത്തെ ദേവസ്വം ബോര്‍ഡ് വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്നും മറുപടി പറയേണ്ടിടത്ത് പറയുമെന്നുമാണ് പത്മകുമാർ നിരന്തരം മാധ്യമങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. അനധികൃതമായോ ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായിട്ടോ നിയമവിരുദ്ധമായിട്ടോ ഒരു കാര്യവും താൻ അധ്യക്ഷനായ ബോർഡിന്റെ കാലത്ത് ഉണ്ടായിട്ടില്ലെന്നും പത്മകുമാർ പറയുമ്പോഴാണ് ശബരിമലയിൽ നടക്കുന്നത് മുഴുവൻ നിയമ വിരുദ്ധ കാര്യങ്ങളാണെന്നും മുൻകൂട്ടി അറിയിച്ചിട്ടും നടപടി എടുത്തില്ലെന്നും മുൻ തിരുവാഭരണം കമ്മീഷണർ കുറ്റപ്പെടുത്തുന്നത്. സംഘടിത കൊള്ളയ്ക്ക് ബോർഡ് ഭാരവാഹികൾ ഒത്താശ ചെയ്തുവെന്നാണ് ഇപ്പോൾ പുറത്തുവന്ന ഈ കത്തും ഇക്കാലത്ത് നടന്നതായി ഇപ്പോൾ വെളിപ്പെട്ടിട്ടുള്ള സ്വർണക്കൊള്ളയും തെളിയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top