റോഡില്ല, ചികിത്സയില്ല! ആശുപത്രിയിലെത്താൻ ഗർഭിണി നടന്നത് 6 കിലോമീറ്റർ; നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ!

ഹൃദയഭേദകമായ വാർത്തയാണ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നിന്നും പുറത്തുവരുന്നത്. മതിയായ റോഡ് സൗകര്യങ്ങളോ ചികിത്സാ സംവിധാനങ്ങളോ ഇല്ലാത്തതിനെത്തുടർന്ന്, പ്രസവത്തിനായി ആറ് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച ഗർഭിണിയുടെ മരണവാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലുള്ള എടാപ്പള്ളി താലൂക്കിലെ ആൽദണ്ഡി തോല സ്വദേശിനിയായ 24കാരി ആശ സന്തോഷ് കിരംഗ ആണ് മരിച്ചത്. ഉൾനാടൻ ഗ്രാമമായ ഇവിടേക്ക് പ്രധാന റോഡുകളിൽ നിന്ന് വഴിയില്ല. പ്രസവ സൗകര്യങ്ങളും ഗ്രാമത്തിൽ ലഭ്യമല്ലായിരുന്നു.

ഒൻപത് മാസം ഗർഭിണിയായിരുന്ന ആശ, കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാൻ ജനുവരി ഒന്നിന് ഭർത്താവിനൊപ്പം കാട്ടുപാതകളിലൂടെ 6 കിലോമീറ്റർ നടന്ന് സഹോദരിയുടെ വീട്ടിലെത്തി. ജനുവരി രണ്ടിന് രാവിലെ ഇവർക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. സിസേറിയൻ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചെങ്കിലും വൈകിപ്പോയിരുന്നു. അതിനാൽ കുഞ്ഞ് ഗർഭപാത്രത്തിൽ വച്ച് തന്നെ മരിച്ചു. പിന്നാലെ രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്ന് ആശയും മരണത്തിന് കീഴടങ്ങി.

ദാരുണ സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പും രംഗത്തെത്തിയിരുന്നു. 6 കിലോമീറ്റർ നടന്നത് കൊണ്ടാണ് ആരോഗ്യനില വഷളായതെന്നാണ് ജില്ലാ ഹെൽത്ത് ഓഫീസർ ഡോ പ്രതാപ് ഷിൻഡെ പ്രതികരിച്ചത്. ആശാ വർക്കർമാർ വഴി ഇവർ പേര് രജിസ്റ്റർ ചെയ്തിരുന്നു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top