റൺവേ കണ്ടില്ല; ആദ്യ ശ്രമം പരാജയപ്പെട്ടു; അജിത് പവാറിന്റെ വിമാനാപകടത്തിന് തൊട്ടുമുൻപ് നടന്നത്..

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. അപകടത്തിന് തൊട്ടുമുൻപുള്ള ഓരോ നിമിഷവും എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദമായ റിപ്പോർട്ട് പുറത്തുവിട്ടു. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് പ്രധാന കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 8:18നാണ് വിമാനം ബാരാമതി എയർഫീൽഡുമായി ബന്ധപ്പെടുന്നത്. ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ മൂടൽമഞ്ഞ് കാരണം റൺവേ കാണാൻ കഴിയുന്നില്ലെന്ന് പൈലറ്റ് അറിയിച്ചു. ഇതോടെ ആദ്യ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചു. വീണ്ടും ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ റൺവേ കാണാമെന്ന് പൈലറ്റ് സന്ദേശം നൽകി. 8:43ന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയെങ്കിലും പൈലറ്റിൽ നിന്ന് മറുപടിയൊന്നും വന്നില്ല. ഒരു മിനിറ്റിന് ശേഷം, 8:44ന് റൺവേയുടെ തുടക്കത്തിൽ വിമാനം കത്തിയമരുന്നതാണ് കണ്ടത്.
റൺവേയുടെ ഇടതുവശത്തായി തകർന്നു വീണ വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഉടൻ തന്നെ ഫയർഫോഴ്സും ആംബുലൻസും എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, അറ്റൻഡന്റ്, രണ്ട് വിമാന ജീവനക്കാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബാരാമതിയിലേക്ക് പോവുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ അജിത് പവാർ മുപ്പത് വർഷത്തിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിന് ശേഷമാണ് വിടവാങ്ങുന്നത്. ആറ് തവണ ഉപമുഖ്യമന്ത്രിയായ അദ്ദേഹം ‘അജിത് ദാദ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ശരദ് പവാറിന്റെ പിൻഗാമിയായി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം സഹകരണ മേഖലയിലും ഭരണരംഗത്തും വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഭാര്യ സുനേത്ര പവാറും മക്കളായ ജയ്, പാർത്ഥ് എന്നിവരുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. സംഭവത്തിൽ വിമാന അപകട അന്വേഷണ ബ്യൂറോ (AAIB) ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here