‘ഡോക്ടർ’ ആരുടെയും കുത്തകയല്ല!! തെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി; അലോപ്പതിക്കാരുടെ ഹർജികൾ തള്ളി

ഫിസിയോതെറാപ്പിക്കാർ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ തുടങ്ങിയവർ പേരിനൊപ്പം ഡോക്ടർ (Dr.) എന്ന് ചേർക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഒരുകൂട്ടം ഡോക്ടർമാരും നൽകിയ അപേക്ഷകൾ തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഡോക്ടർ എന്ന വിശേഷണം ആധുനിക വൈദ്യശാസ്ത്ര ബിരുദക്കാരുടെ (MBBS) മാത്രം കുത്തകയല്ലെന്ന് കോടതി വ്യക്തമാക്കി. ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് ജസ്റ്റിസ് വി.ജി.അരുൺ പുറപ്പെടുവിച്ച വിധിന്യായത്തിൽ പറയുന്നു.
നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ടിലോ (NMC Act) മറ്റ് അനുബന്ധ നിയമങ്ങളിലോ ‘Dr.’ എന്ന പദവി ആധുനിക വൈദ്യശാസ്ത്ര ഡോക്ടർമാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഈ പദവിയിൽ മറ്റാർക്കും അവകാശമില്ലെന്ന വാദം തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. 2021ലെ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻ (NCAHP) ആക്ട് പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾക്കും സ്വതന്ത്രമായി രോഗികളെ പരിശോധിക്കാനും രോഗാവസ്ഥ വിലയിരുത്തി ചികിത്സാപദ്ധതി ആവിഷ്കരിക്കാനും അധികാരമുണ്ട്. ഇവർക്ക് അലോപ്പതി മരുന്നുകൾ കുറിച്ച് നൽകാൻ കഴിയില്ല എന്നത് വസ്തുതയാണ്. അതിനാൽ തന്നെ ഡോക്ടർ എന്ന പദവി ഉപയോഗിക്കുന്നത് ആർക്കും തെറ്റിദ്ധാരണ ഉണ്ടാക്കില്ലെന്ന് കോടതി വിലയിരുത്തി.
പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കുന്നതിനൊപ്പം ഓരോ പ്രത്യേക വിഭാഗത്തെ സൂചിപ്പിക്കുന്ന പി.ടി (PT) അല്ലെങ്കിൽ ഒ.ടി (OT) തുടങ്ങിയ ചുരുക്കപ്പേരുകൾ സ്വന്തം പേരിനുശേഷം ഉപയോഗിക്കുന്നത് വ്യക്തത നൽകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്ടർ എന്ന പദത്തിന്റെ ചരിത്രം പരിശോധിച്ചാൽ അധ്യാപകൻ അല്ലെങ്കിൽ ഗുരു എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് രൂപപ്പെട്ടതെന്ന് കാണാം. നിയമം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഉന്നത ബിരുദം നേടിയവർക്ക് പതിമൂന്നാം നൂറ്റാണ്ടിൽ നൽകിയിരുന്ന പദവിയായിരുന്നു ഇത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഈ പദവി ചികിത്സകരുമായി കൂടുതൽ ചേർത്തു വായിക്കപ്പെട്ടത്. നാഷണൽ മെഡിക്കൽ കമ്മീഷൻ നിയമത്തിലോ മറ്റ് അനുബന്ധ ചട്ടങ്ങളിലോ ഡോക്ടർ എന്ന വിശേഷണം ആധുനിക വൈദ്യശാസ്ത്ര ബിരുദധാരികൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഈ പദവിയിൽ മറ്റാർക്കും അവകാശമില്ലെന്ന വാദത്തിന് നിയമപരമായ നിലനിൽപ്പില്ല.
ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളും അടക്കമുള്ളവർ അലോപ്പതിക്കാരെ അസിസ്റ്റ് ചെയ്യുന്നവർ മാത്രമാണെന്ന നിലപാടും ഹൈക്കോടതി തള്ളി. ആരോഗ്യരംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളെ വെറും സഹായികളായോ പാരാമെഡിക്കൽ ജീവനക്കാരായോ കാണുന്ന രീതി മാറേണ്ടതുണ്ട്. ഗവേഷണത്തിലൂടെ പിഎച്ച്.ഡി നേടുന്നവർക്കും ഈ പദവി ഉപയോഗിക്കാൻ അവകാശമുണ്ട് എന്നിരിക്കെ, ചികിത്സാരംഗത്തുള്ള ഒരുവിഭാഗം മാത്രം ഇത് കുത്തകയാക്കി വയ്ക്കുന്നത് ശരിയല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. രോഗി കേന്ദ്രീകൃതമായ ചികിത്സാ രീതിയിൽ ഫിസിയോതെറാപ്പിസ്റ്റുകൾ ഉൾപ്പെടെയുള്ള എല്ലാ വിദഗ്ധർക്കും അർഹമായ ബഹുമാനവും പദവിയും നൽകണമെന്നും, അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് വേണ്ടതെന്നും വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here