ബിജെപി വിരുദ്ധർക്ക് വോട്ടില്ല? അസമിൽ വോട്ടർ പട്ടികയെച്ചൊല്ലി വൻ വിവാദം

അസമിൽ വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ലക്ഷക്കണക്കിന് ബിജെപി വിരുദ്ധ വോട്ടർമാരെ ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് റൈജോർ ദൾ പ്രസിഡന്റും എംഎൽഎയുമായ അഖിൽ ഗോഗോയ് ആരോപിച്ചു. അസം ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയയുടെ നേതൃത്വത്തിലാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്നും ഏകദേശം 10,000 ബിജെപി വിരുദ്ധ വോട്ടർമാരുടെ പേര് നീക്കം ചെയ്യാൻ പദ്ധതിയുണ്ടെന്ന് ഗോഗോയ് അവകാശപ്പെട്ടു. ജനുവരി 4ന് നടന്ന ബിജെപിയുടെ വെർച്വൽ മീറ്റിംഗിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് താൻ കേട്ടുവെന്നും അഖിൽ ഗോഗോയ് പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യാത്തവരുടെ പട്ടിക തയ്യാറാക്കാൻ ജില്ലാ-മണ്ഡല തലത്തിലുള്ള പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം ആരോപിച്ചു. വോട്ടർമാരുടെ പേര് നീക്കം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥരായ ബിഎൽഒമാരെ ബിജെപി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനായി മന്ത്രി അശോക് സിംഗാളിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അഖിൽ ഗോഗോയിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയ പറഞ്ഞു. വോട്ടർ പട്ടിക പുതുക്കുന്ന സമയത്ത് അർഹരായ വോട്ടർമാരുടെ പേര് വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്. പരാജയഭീതി മൂലം പ്രതിപക്ഷം ഉന്നയിക്കുന്ന വെറും ആരോപണങ്ങൾ മാത്രമാണിതെന്നും മുൻപ് ബീഹാറിലും പ്രതിപക്ഷം ഇതേ രീതിയിൽ വോട്ട് ചോരി എന്ന ആരോപണം ഉന്നയിച്ചിരുന്നതായും അദ്ദേഹം പരിഹസിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here