കാമുകിയെ കൊന്ന് കഷണങ്ങളാക്കിയ ബസ് ഡ്രൈവറുടെ കുറ്റസമ്മതം; യുവതി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് മൊഴി

നോയിഡയിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. യുവതി തന്നെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കാമുകിയെ കൊലപ്പെടുത്തി മൃതദേഹ ഭാഗങ്ങൾ നോയിഡയിലും ഗാസിയാബാദിലുമായി ഉപേക്ഷിക്കുകയായിരുന്നു. പ്രീതി യാദവ് ആണ് കൊല്ലപ്പെട്ട യുവതി.

മോനു സിംഗ് എന്ന 34കാരനാണ് അറസ്റ്റിലായ പ്രതി. ബസ് ഡ്രൈവറായ ഇയാൾക്ക് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. നോയിഡയിലെ ബറോലയിലാണ് പ്രതിയും യുവതിയും താമസിച്ചിരുന്നത്. നവംബർ 5നാണ് മോനു സിംഗ് പ്രീതിയെ കൊലപ്പെടുത്തിയത്. അടുത്ത ദിവസം നോയിഡയിലെ ഓടയിൽ നിന്നാണ് തലയും കൈകാലുകളും ഇല്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മോനു സിംഗ് കുറ്റം സമ്മതിച്ചു.

യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു എന്നാണ് പ്രതി മൊഴി നൽകിയത്. തനിക്കെതിരെ കേസ് കൊടുക്കുമെന്നും അല്ലെങ്കിൽ തൻ്റെ പെൺമക്കളെ നിയമവിരുദ്ധമായ കാര്യങ്ങളിൽ ഉൾപ്പെടുത്തുമെന്നും പ്രീതി ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇയാൾ അവകാശപ്പെട്ടു. ഇതാണ് കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചത്.

സംഭവ ദിവസം പ്രീതി അറിയാതെ അവരുടെ വീട്ടിൽ നിന്ന് പ്രതി മൂർച്ചയേറിയ ആയുധം എടുത്തു. തുടർന്ന് ബസിനുള്ളിൽ വെച്ച് ഇരുവരും ഭക്ഷണം കഴിച്ചു, അതിനുശേഷമാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടയിൽ ആയുധം ഉപയോഗിച്ച് പ്രീതിയെ ആക്രമിക്കുകയും, തിരിച്ചറിയാതിരിക്കാൻ തലയും കൈകളും വെട്ടിമാറ്റുകയും ചെയ്തു. മൃതദേഹത്തിന്റെ ഉടൽ ഭാഗം നോയിഡയിലെ ഓടയിലും, മറ്റ് ഭാഗങ്ങളും ആയുധവും ഗാസിയാബാദിലെ സിദ്ധാർത്ഥ് വിഹാറിന് അടുത്തുള്ള ഓടയിലുമാണ് ഉപേക്ഷിച്ചത്.

ഫോറൻസിക് പരിശോധനയിൽ ബസിലും പിടിച്ചെടുത്ത സാധനങ്ങളിലും മനുഷ്യരക്തം ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. യുവതിയുടെ കാൽവിരലിലെ മോതിരം മാത്രമായിരുന്നു തിരിച്ചറിയാൻ ലഭിച്ച ഏക സൂചന. തുടർന്ന് ഒൻപത് പൊലീസ് ടീമുകൾ രൂപീകരിച്ചു. 5,000ത്തിലധികം സിസിടിവി ക്യാമറകൾ പരിശോധിക്കുകയും 1,100ഓളം വാഹനങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. തുടർന്നാണ് സംശയകരമായ രീതിയിൽ ലൈറ്റ് ഓഫ് ചെയ്ത് യാത്ര നടത്തിയ ബസ് പൊലീസ് കണ്ടെത്തിയത്. UP16 KT 0037 എന്ന നമ്പർ പ്ലേറ്റുള്ള ഈ ബസ് മോനു സിംഗിന്റേതാണ് എന്ന് കണ്ടെത്തിയതോടെയാണ് ഇയാൾ അറസ്റ്റിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top